ഇന്ത്യക്കാർ ഐപിഎൽ കളിച്ചാൽ മതി, വിദേശലീഗുകൾ കളിക്കേണ്ട!! ശാസ്ത്രി പറയുന്നു

   

ഇന്ത്യയുടെ ലോകകപ്പിലെ പരാജയത്തിനുശേഷം ഉയർന്നുവന്ന ഒന്നാണ് ഐപിഎല്ലിന്റെ പ്രതിഫലനങ്ങൾ. ഐപിഎൽ ഇന്ത്യയിലെ യുവതാരങ്ങൾക്ക് അവസരമൊരുക്കുമ്പോഴും താരങ്ങൾ ഇന്ത്യയിൽ മാത്രമായി കളിക്കുന്നതിന്റെ പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് വിനയായി വരുന്നുണ്ട് എന്ന് പലരും പറഞ്ഞിരുന്നു. അതിനാൽതന്നെ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിപ്പിക്കാൻ ബിസിസിഐ തയ്യാറാക്കണം എന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ അതിന്റെ ആവശ്യം ഒരിക്കലുമില്ല എന്നാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി പറയുന്നത്. ഇന്ത്യൻ താരങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ തന്നെ കളിക്കണമെന്നാണ് ശാസ്ത്രീയുടെ പക്ഷം.

   

“കളിക്കാർക്ക് അവസരങ്ങൾ ലഭിക്കുന്നതിനും, കഴിവ് തെളിയിക്കുന്നതിനുമുള്ള ആവശ്യമായ കാര്യങ്ങൾ നമ്മുടെ ആഭ്യന്തര ക്രിക്കറ്റിലുണ്ട്. കൂടാതെ ഇന്ത്യ എ ടീമിന്റെ വിദേശ പര്യടനങ്ങളും. കൂടാതെ മറ്റു പല വിദേശ പര്യടനവും കളിക്കാർക്ക് ലഭിക്കും. ഒരേസമയം തന്നെ ഇന്ത്യയുടെ രണ്ട് ടീമുകൾ രണ്ട് പരമ്പരകളിൽ ഭാവിയിൽ കളിക്കും.”- ശാസ്ത്രി പറഞ്ഞു.

   

“ഇന്ത്യൻ കളിക്കാർ ഐപിഎൽ നന്നായി ആസ്വദിക്കുന്നുണ്ട്. ഒപ്പം മറ്റ് ആഭ്യന്തര മത്സരങ്ങളിലേക്കും ശ്രദ്ധ ചെലുത്താൻ അവർക്ക് സാധിക്കുന്നുണ്ട്. അവർ ഇന്ത്യയിൽ തന്നെ നമ്മുടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.

   

ഇതേ അഭിപ്രായം തന്നെയാണ് ഇന്ത്യയുടെ മുൻ പേസർ സഹീർ ഖാനും പ്രകടിപ്പിച്ചത്. ബിസിസിഐ ഇന്ത്യൻ താരങ്ങൾക്ക് മറ്റു രാജ്യങ്ങളിലേക്ക് പര്യടനങ്ങൾ നൽകുന്നുണ്ടെന്നും, അവർ അവിടുത്തെ ടൂർണമെന്റുകളിൽ കളിക്കേണ്ട ആവശ്യം വരുന്നില്ല എന്നും സഹീർ പറയുന്നു. വിവിധ രാജ്യങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ അണിനിരക്കേണ്ട ആവശ്യമില്ല എന്നാണ് സഹീർ ഖാന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *