ന്യൂസിലാൻഡിനെതിരായ ഏകദിന ട്വന്റി20 പരമ്പരകളിൽ രോഹിത് ശർമ്മയടക്കമുള്ള സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. അതിനാൽതന്നെ പരമ്പരകളിൽ യുവതാരങ്ങളാവും അണിനിരക്കുക. മുൻപും ദ്വിരാഷ്ട്ര പരമ്പരകളിൽ ഇങ്ങനെ സീനിയർ താരങ്ങൾ വിശ്രമം എടുത്തിട്ടുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ രീതിന്ദർ സോദി. രോഹിത് ശർമ ലോകകപ്പിനുശേഷം സ്വയം വിശ്രമമെടുത്തതിനെയാണ് സോദി ചോദ്യം ചെയ്യുന്നത്.
ഇങ്ങനെ കളിക്കാർക്ക് ദ്വിരാഷ്ട്ര പരമ്പരകളിൽ നിന്ന് തുടർച്ചയായി വിശ്രമം അനുവദിക്കുന്നത് ഇന്ത്യ സംബന്ധിച്ച് പുതുമയുള്ള കാര്യമാണെന്ന് സോദി പറയുന്നു. “രോഹിത്തിന് വിശ്രമം ആവശ്യമാണെന്ന് അയാൾ തന്നെ തീരുമാനിച്ചു. നമ്മൾ അദ്ദേഹത്തിനു വിശ്രമം അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ആരാണ് രോഹിത്തിനോട് പറയുക? ഇത്തരം പ്രസ്താവനകൾ ഞാൻ പത്രമാധ്യമങ്ങളിൽ പോലും വായിച്ചിട്ടില്ല.”- സോദി പറയുന്നു.
“നമ്മൾ കാര്യങ്ങൾ കുറച്ചുകൂടി പ്രായോഗികമായി കാണേണ്ടതുണ്ട്. ക്രിക്കറ്റിനേക്കാൾ വലുതല്ല വ്യക്തികൾ. കോഹ്ലി, രോഹിത്, ദ്രാവിഡ് ഇവർക്കൊക്കെയും മുകളിലാണ് ക്രിക്കറ്റ്. ഒരാൾ വിശ്രമം ആവശ്യപ്പെടുകയാണെങ്കിൽ അതിനൊരു കാരണമുണ്ടാകും. ഒന്നുകിൽ പരിക്ക്, അല്ലെങ്കിൽ ഒരുപാട് മത്സരങ്ങൾ കളിച്ചതിന്റെ ബുദ്ധിമുട്ട്. എന്നാൽ ട്വന്റി20 ലോകകപ്പിനുശേഷം ഇത്തരമൊരു വിശ്രമം ആരും പ്രതീക്ഷിച്ചില്ല. ആരെങ്കിലും രംഗത്തുവന്ന് ഞങ്ങൾ താങ്കൾക്ക് വിശ്രമം അനുവദിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞേ പറ്റൂ”- സോദി കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ സ്ക്വാഡംഗങ്ങളിൽ ഏഴ് പേരെയാണ് ഇന്ത്യ വിശ്രമത്തിനായി വിട്ടിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, രാഹുൽ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, മുഹമ്മദ് ഷാമി, ദിനേശ് കാർത്തിക് എന്നിവരാണത്.