ഇന്ത്യയുടെ അടുത്ത ട്വന്റി20 ലോകകപ്പിനുള്ള ടീം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ധ്യായം ആരംഭിക്കുകയാണ്. നവംബർ 18ന് ന്യൂസിലാൻഡിനെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ ട്വന്റി20 മത്സരം കളിക്കുമ്പോൾ യുവതാരങ്ങളെ അടുത്ത ലോകകപ്പിലേക്ക് സജ്ജമാക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം. എന്നാൽ ഇതോടൊപ്പം ഇന്ത്യ വേണ്ടരീതിയിൽ ഉപയോഗിക്കാതെ പോയ ചില ക്രിക്കറ്റർമാരും ഉണ്ടെന്ന് മുൻ ഇന്ത്യ താരം റോബിൻ ഉത്തപ്പ പറയുന്നു. ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ കാര്യമാണ് റോബിൻ ഉത്തപ്പ പറയുന്നത്. 2024 ലോകകപ്പിലേക്കായി ഇന്ത്യ ടീം പുനർനിർമിക്കുമ്പോൾ കുൽദ്ദീപ് യാദവിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഉത്തപ്പ പറയുന്നു.
കുൽദീപ് യാദവിന്റെ നിർണായക സമയത്ത് വിക്കറ്റ് കണ്ടെത്താനുള്ള കഴിവാണ് അയാളെ വ്യത്യസ്തനാക്കുന്നത് എന്ന് ഉത്തപ്പ വിശ്വസിക്കുന്നു. “യാദവിനെ വേണ്ടരീതിയിൽ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അയാളെ കുറച്ചുനാൾ പരിക്ക് പിടികൂടിയിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങളിലൊക്കെ കുൽദീപ് നന്നായി തന്നെ കളിക്കുകയുണ്ടായി. സമീപസമയത്ത് ഇന്ത്യ എ ടീമിന് വേണ്ടി കുൽദീപ് ഹാട്രിക് പോലും നേടുകയുണ്ടായി.”- ഉത്തപ്പ പറയുന്നു.
“ഇക്കാരണങ്ങൾ കൊണ്ട് തന്നെ അടുത്ത ട്വന്റി20 ലോകകപ്പിനുള്ള ടീം നിശ്ചയിക്കുമ്പോൾ കളിക്കാരുടെ ഒപ്പം കുൽദീപിന്റെ പ്രകടനവും വിലയിരുത്തി പോകേണ്ടതുണ്ട്. എല്ലാ കളിക്കാർക്കും കൃത്യമായ റോൾ നൽകുകയും അതിനനുസരിച്ച് ടീമിൽ മാറ്റം വരുത്തുകയും ചെയ്യണം.”- ഉത്തപ്പാ കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ ഏകദിന-ട്വന്റി20 സ്ക്വാഡുകളിൽ അംഗമാണ് കുൽദീപ് യാദവ്. ഈ വർഷം ആഗസ്റ്റിലായിരുന്നു കുൽദീപ് ഇന്ത്യക്കായി ഇതിനുമുമ്പ് ട്വന്റി20 കളിച്ചത്. അതിനാൽതന്നെ ടീമിന്റെ സ്ഥിര സാന്നിധ്യമാകാനുള്ള സുവർണാവസരം തന്നെയാണ് കുൽദീപിന് വന്നുചേർന്നിരിക്കുന്നത്.