ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സെമിഫൈനൽ പരാജയത്തിന് ശേഷം ഉയർന്നുവന്ന വിമർശനങ്ങളിൽ പലതും ഇന്ത്യയുടെ കോച്ചിംഗ് ഘടനയെ പറ്റിയായിരുന്നു. പലരും രാഹുൽ ദ്രാവിഡ് അടക്കമുള്ള കോച്ചിംഗ് സ്റ്റാഫുകളെ പൂർണ്ണമായും തള്ളിപ്പറയുകയുണ്ടായി. ഇതിന് പ്രധാന കാരണമായത് ലോകകപ്പിലെ ഇന്ത്യയുടെ ബാറ്റിംഗിലെ യാഥാസ്ഥിതികമായ സമീപനങ്ങളായിരുന്നു. ഇതിനുശേഷം ഇന്ത്യ തങ്ങളുടെ കോച്ചിംഗ് ടീമിലേക്ക് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ സൽമാൻ ബട്ട് പറയുന്നത്.
ധോണിയെ ഇന്ത്യ കോച്ചിംഗ് ടീമിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ ഗുണം ചെയ്യുമെന്നാണ് ബട്ട് കരുതുന്നത്. “എം എസ് ധോണിയുടെ സാന്നിധ്യവും ഇടപെടലും ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് ഗുണങ്ങൾ നൽകും. ധോണി തന്റെ കരിയറിൽ തന്ത്രപരമായി കാര്യങ്ങൾ ചെയ്തിരുന്ന ക്യാപ്റ്റനായിരുന്നു. അതിനാൽതന്നെ ടീമിന്റെ തന്ത്രപരമായ മേഖലയ്ക്ക് ധോണി എന്തുകൊണ്ടും ഫിറ്റാവും.”-ബട്ട് പറയുന്നു.
“ധോണി ഒരു വ്യത്യസ്തനാണ്. മികച്ച സാങ്കേതികത്തികവും ആശയങ്ങളും ധോണിയ്ക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ധോണി ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. എന്തായാലും ധോണിയെ ഇന്ത്യ തങ്ങളുടെ ഒപ്പം ഉൾപ്പെടുത്തണം.”- സൽമാൻ ബട്ട് കൂട്ടിച്ചേർത്തു. ധോണിയുടെ പരിചയസമ്പന്നതയും ആശയങ്ങളും ഇന്ത്യൻ ടീമിനെ വളരെയേറെ സ്വാധീനിക്കുമെന്നാണ് ബട്ട് കരുതുന്നത്.
2022 ട്വന്റി20 ലോകകപ്പിലെ പരാജയ ശേഷമായിരുന്നു ഇന്ത്യ ധോണിയെ സമീപിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത്. നിലവിൽ ഐപിഎല്ലിൽ ചെന്നൈ ടീമിന്റെ നായകനായി ധോണി കളിക്കുന്നുണ്ട്. 41 കാരനായ ധോനി 2023ലെ സീസണിന് ശേഷം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്നാണ് കരുതുന്നത്. ശേഷമാവും ഇന്ത്യക്കൊപ്പം ചേരുക.