ഐപിഎല്ലിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ്. ഐപിഎൽ താരങ്ങളുടെ നിലനിർത്തലിന്റെ അവസാന ദിവസമായ ഇന്നാണ് പൊള്ളാർഡ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ കഴിഞ്ഞ 13 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ വിശ്വസ്തനായിരുന്നു കീറോൺ പൊള്ളാർഡ്. എന്നാൽ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പൊള്ളാർഡിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ മുംബൈ പൊള്ളാർഡിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലിൽ നിന്ന് തന്റെ വിരമിക്കൽ പൊള്ളാടർഡ് പ്രഖ്യാപിച്ചത്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൊള്ളാർഡ് ഇക്കാര്യം പുറത്തുവിട്ടത്. “ഇത് എത്ര അനായാസകരമായ തീരുമാനമായിരുന്നില്ല. കുറച്ചധികം വർഷങ്ങൾ കൂടെ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മുബൈ ഇന്ത്യൻസുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഞാൻ ഐപിഎൽ കരിയറിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഒരു വലിയ ഫ്രാഞ്ചൈസി എന്ന നിലയിൽ മുംബൈയ്ക്ക് കൂടുതൽ മാറ്റങ്ങൾ വേണമെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഞാൻ മുംബൈയിൽ കളിക്കാത്ത പക്ഷം, മുംബൈ ടീമിനെതിരെ കളിക്കാനും ആഗ്രഹിക്കുന്നില്ല. ഒരു മുംബൈക്കാരൻ എപ്പോഴും മുംബൈകാരൻ തന്നെയായിരിക്കും.”- പൊള്ളാർഡ് കുറിച്ചു. “ഇതൊരു വൈകാരികപരമായ യാത്ര പറച്ചിലാണ്. എന്നിരുന്നാലും ഐപിഎല്ലിൽ മുംബൈയുടെ ബാറ്റിംഗ് കോച്ചായി ഞാൻ തുടരും. ഒപ്പം MI കേപ്ടൗൺ ഫ്രാഞ്ചൈസിക്കായി ഞാൻ കളിക്കും. എന്റെ ജീവിതാധ്യായത്തിൽ അടുത്ത പാഠങ്ങൾ എന്നെ കൂടുതൽ ആവേശഭരിതനാക്കുന്നു.”- പൊള്ളാർഡ് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം മുംബൈ ടീമിലെ കോച്ചുകൾ, മാനേജർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് തുടങ്ങി എല്ലാവർക്കും തന്നെ നന്ദിയും പൊള്ളാർഡ് അറിയിക്കുകയുണ്ടായി. ഒപ്പം മുകേഷ് അംബാനി, നീതാ അംബാനി, ആകാശ് അംബാനി എന്നിവർ തനിക്ക് നൽകിയ പിന്തുണയ്ക്ക് പൊള്ളാർഡ് നന്ദി പറഞ്ഞു.