ഇന്ത്യൻ ക്രിക്കറ്റിനായി അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ.2002 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയമായ പുറത്താകലിൽ പ്രധാന കാരണമായത് ഭയപ്പാടോടെയുള്ള യാഥാസ്ഥിതിക സമീപനം തന്നെയായിരുന്നു. വലിയ ടൂർണമെന്റുകളിലെ നിർണായകമായ മത്സരങ്ങളിൽ ഇന്ത്യൻ നിരയ്ക്ക് മുട്ടിടിയ്ക്കുന്നത് സമീപകാലത്തെ സ്ഥിരം കാഴ്ചയാണ്. ഇതിന് അന്ത്യമിടാൻ ഒരു ഉഗ്രൻ തന്ത്രവുമായിയാണ് ബിസിസിഐ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിനൊപ്പം ബിസിസിഐ, ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പരിഗണിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യക്ക് ട്വന്റി20യിൽ ഭയപ്പാടില്ലാത്ത ബ്രാൻഡ് ഓഫ് ക്രിക്കറ്റ് ഉയർത്തിക്കൊണ്ടു വരുന്നതിനാണ് ധോണിയെ സമീപിക്കുന്നത്. ടെലഗ്രാഫ് ഇന്ത്യയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
“ബിസിസിഐയിൽ ധോണിയെ പറ്റി വലിയ രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ട്വന്റി20 സ്ക്വഡിനൊപ്പം ധോണിയെ ഉൾപ്പെടുത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഐസിസി ടൂർണമെന്റുകളിൽ ഭയപ്പാടില്ലാത്ത സമീപനങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ധോണിയെ ഉൾപ്പെടുത്തുന്നത്.”- ടെലഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് ധോണിയെ ഇന്ത്യയുടെ സ്ക്വാഡിനൊപ്പം ഉൾപ്പെടുത്തുന്നതിനെപ്പറ്റി മറ്റൊരു റിപ്പോർട്ടും വന്നിരുന്നു. “ഐപിഎൽ 2023ന് ശേഷം ധോണി എല്ലാത്തരം ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്നാണ് കരുതുന്നത്. അതിനാൽതന്നെ ധോണിയുടെ പരിചയസമ്പന്ന നല്ല രീതിയിൽ ഉപയോഗിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഇക്കാരണങ്ങൾ കൊണ്ട് രാഹുൽ ദ്രാവിഡിനോപ്പം ധോണിയേയും ഇന്ത്യൻ ടീമിനൊപ്പം അണിനിരത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.”- റിപ്പോർട്ട് പറയുന്നു.
മുൻപ് 2021 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണി പ്രവർത്തിച്ചിരുന്നു. 2007ലും 2011ലും ഇന്ത്യക്ക് ലോകകപ്പ് കിരീടം നൽകിയ ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ സേവനം ഇന്ത്യക്ക് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.