ലോകകപ്പിൽ നിന്നും പുറത്തായതിനുശേഷം ഇന്ത്യയുടെ ടീം ഘടനയെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. യാഥാസ്ഥിതിക സമീപനങ്ങളുള്ള ബാറ്റർമാരെ ഇന്ത്യ കൂടുതലായി ട്വന്റി20 ലോകകപ്പിൽ ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നു. അതിനാൽതന്നെ ട്വന്റി20 ക്രിക്കറ്റിനായി ഇന്ത്യ വ്യത്യസ്തമായ ഒരു ടീം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്നാണ് മുൻ താരം അനിൽ കുംബ്ലെ പറയുന്നത്. ഇന്ത്യൻ ടീമിൽ വ്യത്യസ്ത കഴിവുള്ളവരെ ഉൾപ്പെടുത്തണമെന്നും കുംബ്ലെ പറഞ്ഞു.
ട്വന്റി20യിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും പോലെയുള്ള രാജ്യങ്ങൾ പിന്തുടരുന്ന തന്ത്രം തന്നെ ഇന്ത്യയും പയറ്റണമെന്നാണ് കുംബ്ലെ പറയുന്നത്. “തീർച്ചയായും നമുക്ക് എല്ലാ ഫോർമാറ്റിലും വ്യത്യസ്ത ടീമുകൾ വേണം. കഴിഞ്ഞ ലോകകപ്പുകളിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും കാട്ടിത്തന്ന ഒരു കാര്യമുണ്ട്. കൂടുതലായി ട്വന്റി20യിൽ നമ്മൾ ഓൾറൗണ്ടർമാരെ ഉൾപ്പെടുത്തണം. അത് ടീമുകൾക്ക് ഗുണവും ചെയ്യും.”- കുംബ്ലെ പറയുന്നു.
“ഇംഗ്ലണ്ടിനായി ഫൈനലിൽ ലിയാം ലീവിങ്സ്റ്റൺ കളിച്ചത് ഏഴാം നമ്പറിലായിരുന്നു. മറ്റൊരു ടീമിനും ഏഴാം നമ്പരിൽ ആ നിലവാരമുള്ള കളിക്കാരനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെതന്നെ ഓസ്ട്രേലിയയ്ക്കായി സ്റ്റോയിനിസ് ബാറ്റ് ചെയ്തത് ആറാം നമ്പറിലാണ്. ഇങ്ങനെയാണ് നമ്മൾ ട്വന്റി20 ടീമുകൾ കെട്ടിപ്പടുക്കേണ്ടത്.”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇന്ത്യ പുതിയൊരു ക്യാപ്റ്റനെയോ കോച്ചിനെയോ നിശ്ചയിക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്നും കുംബ്ലെ പറയുകയുണ്ടായി. ഈ രീതി പിന്തുടർന്നാൽ ഇന്ത്യക്ക് വിജയം കണ്ടെത്താൻ സാധിക്കുമെന്നാണ് കുംബ്ലെ വിശ്വസിക്കുന്നത്.