2022 ലോകകപ്പിലെ ഇന്ത്യയുടെ നായകൻ രോഹിത് ശർമയെ വിമർശിച്ച് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വരികയുണ്ടായി. ഒരു ട്വന്റി20 ക്യാപ്റ്റനെന്ന നിലയിലുള്ള സമീപനമല്ല രോഹിത് ശർമ ലോകകപ്പിൽ ഉൾക്കൊണ്ടതെന്നാണ് പലരും പറയുന്നത്. എന്നാൽ അടുത്ത ട്വന്റി20 ലോകകപ്പിൽ രോഹിത്തിന് പകരം ഹർദിക് പാണ്ട്യ ഇന്ത്യയെ നയിക്കണം എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ശ്രീകാന്ത് പറയുന്നത്. ഇതോടൊപ്പം ഇപ്പോൾ മുതൽ പുതിയൊരു ട്വന്റി20 ടീം കെട്ടിപ്പടുക്കാൻ ഇന്ത്യ തയ്യാറാവണമെന്നും ശ്രീകാന്ത് പറയുന്നു.
“ഞാനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനെങ്കിൽ 2024 ലോകകപ്പിലെ നായകനായി ഹർദിക് പാണ്ട്യയെ നിശ്ചയിച്ചേനെ. ഈ ലോകകപ്പ് പരാജയത്തിനുശേഷം ആദ്യം ചെയ്യേണ്ട കാര്യവും അതുതന്നെയാണ്. മാത്രമല്ല ഇപ്പോൾ മുതൽ തന്നെ ഇന്ത്യ ടീം പുനർ നിർമ്മിക്കാൻ ശ്രമിക്കണം. ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ തന്നെ അതിന് തുടക്കവുമിടണം. ഇപ്പോൾ ഒരു ടീം നിർമ്മിച്ച് 2023ൽ അത് കൂടുതൽ ശക്തമാക്കാൻ ശ്രമിക്കണം.”- ശ്രീകാന്ത് പറഞ്ഞു.
ഇതോടൊപ്പം ലോകകപ്പുകളിൽ ഓൾറൗണ്ടർമാരെ അണിനിരത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ശ്രീകാന്ത് പറയുകയുണ്ടായി. “1983ലെ ലോകകപ്പിലും 2011ലെ ലോകകപ്പിലും 2017ലെ ലോകകപ്പിലും നമ്മൾ വിജയിക്കാൻ കാരണമെന്താണ്? കാരണം നമ്മൾക്ക് ഒരുപാട് ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടർമാരും, സെമി ഓൾറൗണ്ടർമാരും ഉണ്ടായിരുന്നു. അതിനാൽതന്നെ ഹൂഡയെ പോലെയുള്ള കളിക്കാരെ നമ്മൾ കണ്ടെത്തണം.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.
2011ലെ ലോകകപ്പിൽ ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയിലെ ചെയർമാനായിരുന്നു ശ്രീകാന്ത്. അന്ന് ഇന്ത്യയ്ക്കായി മികച്ച ഒരു ടീം കണ്ടെത്താൻ ശ്രീകാന്തിന് കഴിഞ്ഞിരുന്നു. വരുന്ന ലോകകപ്പുകളിൽ അത്തരം മികച്ച ടീമുകൾ തന്നെയാണ് ഇന്ത്യയ്ക്ക് ആവശ്യം.