പാകിസ്ഥാൻ കോട്ടകൾ തല്ലിത്തകർത്ത ഇംഗ്ലണ്ട് വീര്യം!! 12 വർഷങ്ങൾക്കിപ്പുറം ഈ ഇതിഹാസം!!

   

ബെൻ സ്റ്റോക്സ് എന്ന കരുത്തുറ്റ ബാറ്ററുടെ ബലത്തിൽ പാകിസ്താൻ പടയെ അടിച്ചുതൂക്കി കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. സ്ഥിതിഗതികൾ മാറിമറിഞ്ഞ മത്സരത്തിൽ ഇരുടീമിന്റെയും തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു കാണാനായത്.

   

ഒരു ഫൈനൽ പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരം തന്നെയായിരുന്നു മെൽബണിൽ നടന്നത്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുത്തു. മെൽബൺ പിച്ച് കാലാകാലങ്ങളിൽ സീം ബോളിംഗിന് നൽകുന്ന പിന്തുണ ഇംഗ്ലണ്ട് ബോളർമാർ വിനിയോഗിച്ചു. കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ ബോളർമാർ വിക്കറ്റ് കൊയ്തു. 28 പന്തുകളിൽ 38 റൺസ് നേടിയ മസൂദ് മാത്രമാണ് പാക്കിസ്ഥാൻ നിലയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. അവസാന ഭാഗങ്ങളിൽ ഇംഗ്ലണ്ട് ബോളർമാർ പിടിമുറുക്കിയതോടെ പാകിസ്ഥാൻ ഇന്നിങ്സ് 137 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിനായി സാം കരൻ മൂന്നും അദിൽ റഷീദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

   

മറുപടി ബാറ്റിംഗിൽ ഒരുതരത്തിലും വിട്ടുകൊടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. പാക്കിസ്ഥാൻ ബോളർമാരുടെ തീയുണ്ട ബോളുകൾ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുകി. 17 പന്തിൽ 26 റൺസ് നേടിയ ബട്ലറെ ഹാരിസ് റാഫ് കൃത്യമായി കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ട് പതറുന്നതാണ് കാണാനായത്. എന്നാൽ ഈ അവസരത്തിലും ബെൻ സ്റ്റോക്സ് പതിയെ ക്രീസിൽ ഉറച്ചു. അതോടെ ഇംഗ്ലണ്ട് പാക്കിസ്ഥാന്റെ പക്കൽ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. മത്സരത്തിൽ 49 പന്തുകളിൽ 52 റൺസാണ് സ്റ്റോക്സ് നേടിയത്. മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.

   

ഇംഗ്ലണ്ടിന്റെ സമീപകാലത്തെ രണ്ടാം ലോകകപ്പ് വിജയമാണിത്. 2019ൽ ഇംഗ്ലണ്ട് 50 ഓവർ ലോകകപ്പ് നേടിയിരുന്നു. അന്നും ബെൻ സ്റ്റോക്സായിരുന്നു അവരുടെ ഹീറോ. 2022ലും സ്റ്റോക്സിന് ഇംഗ്ലണ്ടിന്റെ ഹീറോയായി മാറാൻ സാധിച്ചു. 2010ലായിരുന്നു ഇംഗ്ലണ്ട് ഇതിനുമുമ്പ് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 12 വർഷങ്ങൾക്ക് ശേഷം ട്വന്റി20 ലോകകപ്പ് സ്വന്തമാക്കുമ്പോൾ ഇംഗ്ലണ്ടിന് പറയാനുള്ളത് ലോക ക്രിക്കറ്റ് ഭരിക്കുന്നതിന്റെ കഥയാണ്. എന്തായാലും ഇംഗ്ലണ്ടിന് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *