2022 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിന് ശേഷം ഇന്ത്യൻ ടീമിനെ തേടി ഒരുപാട് വിമർശനങ്ങൾ എത്തുകയുണ്ടായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ പൊരുതാൻ പോലും തയ്യാറാകാതിരുന്ന ഇന്ത്യൻ നിരയെ പല മുൻ ക്രിക്കറ്റർമാരും വിമർശിച്ചു. എന്നാൽ ഇന്ത്യൻ ടീം ഇത്രമാത്രം വിമർശിക്കപ്പെടേണ്ട ടീമല്ല എന്നാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ അഭിപ്രായം. മത്സരത്തിൽ വിജയങ്ങളോടൊപ്പം പരാജയങ്ങളും ഉണ്ടാകുമെന്നും, നമ്മൾ അത് മനസ്സിലാക്കാൻ തയ്യാറാവണമെന്നും സച്ചിൻ ടെണ്ടുൽക്കർ പറയുന്നു.
“സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നിരാശാജനകമായ പ്രകടനമായിരുന്നു ഇന്ത്യൻ ടീം കാഴ്ചവെച്ചത്. എനിക്കത് അറിയാം. ആദ്യം ബാറ്റ് ചെയ്ത നമ്മൾക്ക് വലിയൊരു സ്കോർ കെട്ടിപ്പടുക്കാൻ സാധിച്ചില്ല എന്നത് വസ്തുതയാണ്. നമ്മളെ സംബന്ധിച്ച് അതൊരു പ്രയാസകരമായ മത്സരമായിരുന്നു. നിരാശപ്പെടുത്തുന്ന പരാജയവും. എന്നിരുന്നാലും നമ്മൾ ലോകത്തിലെ തന്നെ ഒന്നാം നമ്പർ ട്വന്റി20 ടീമാണ്.”- സച്ചിൻ ടെണ്ടുൽക്കർ പറയുന്നു.
ഇതോടൊപ്പം ഈ ഒരൊറ്റ പ്രകടനത്തിന്റെ പേരിൽ ഇന്ത്യയെ എഴുതിത്തള്ളാനാവില്ല എന്നും സച്ചിൻ പറയുകയുണ്ടായി. “ട്വന്റി20യിലെ ഒന്നാം നമ്പർ സ്ഥാനം ഒറ്റരാത്രികൊണ്ട് ഇന്ത്യക്ക് ലഭിച്ചതല്ല. അതിനാൽതന്നെ ഈയൊരു ഒറ്റ പ്രകടനത്തിന്റെ പേരിൽ ഇന്ത്യയെ ജഡ്ജ് ചെയ്യുക അസാധ്യം തന്നെയാണ്.”- ടെണ്ടുൽക്കർ കൂട്ടിച്ചേർക്കുന്നു.
“കളിക്കാർ ഒരു കാരണവശാലും തോൽക്കാൻ വേണ്ടി കളിക്കില്ല. കായിക മത്സരങ്ങളിൽ ഉയർച്ചക്കൊപ്പം എപ്പോഴും താഴ്ചയുമുണ്ടാവും. അത് നമ്മൾ അംഗീകരിച്ചേ മതിയാവൂ.”- സച്ചിൻ പറഞ്ഞുവെക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗും ബോളിങ്ങും പൂർണമായി പരാജയപ്പെടുത്തുന്നതാണ് കണ്ടത്. അതിനുശേഷമാണ് വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.