ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിലെ പരാജയം ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരേപോലെ പരാജയപ്പെട്ടു. ഒരുവശത്ത് ഇന്ത്യൻ ബാറ്റിംഗിന്റെ പതിയെയുള്ള തുടക്കം കണ്ടപ്പോൾ, മറുവശത്ത് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ വെടിക്കെട്ടാണ് കണ്ടത്. ബാറ്റിംഗിലെ ഈ വ്യത്യസ്തമായ സമീപനങ്ങളാണ് മത്സരത്തിലെ ഫലത്തിനെ നിർണയിച്ചത് എന്ന് പാക്കിസ്ഥാൻ താരം വസീം അക്രമം പറയുന്നു.
“ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരുതരത്തിലും മത്സരത്തിലേക്ക് വന്നില്ല. 28 പന്തുകളിൽ 27 റൺസാണ് രോഹിത് നേടിയത്. വിരാട് കോഹ്ലി അർഥസെഞ്ച്വറി നേടി. എന്നാൽ 40 പന്തുകളിലായിരുന്നു. എന്നെ സംബന്ധിച്ച് ഇരുടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം ഈ തുടക്കം തന്നെയായിരുന്നു.”- വസിം അക്രം പറയുന്നു.
“മത്സരത്തിന്റെ എല്ലാ മേഖലയിലും ഇംഗ്ലണ്ട് ഇന്ത്യയെ മലർത്തിയടിച്ചു. ടോസ് നഷ്ടമായപ്പോൾ രോഹിത് പറഞ്ഞത് താനും ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത് എന്നാണ്. എന്നാൽ തുടക്കത്തിലുണ്ടായ ഈ മോശം ബാറ്റിംഗിൽ നിന്ന് കരകയറാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ ആദ്യ പത്ത് ഓവറുകളിൽ 63 റൺസായിരുന്നു ഇന്ത്യ നേടിയത്. പിന്നീട് റൺസ് ഉയർത്തി. സെമിഫൈനലുകളിൽ 168 എന്നത് വെല്ലുവിളിയുയർത്തുന്ന സ്കോർ തന്നെയാണ്. എന്നാൽ അലക്സ് ഹെയ്ൽസിനെയും ജോസ് ബട്ലറെയും പോലുള്ള കളിക്കാർക്ക് മുൻപിൽ അതൊന്നുമല്ല.”- അക്രം കൂട്ടിച്ചേർക്കുന്നു
“ഒരുപക്ഷേ ഈ പിച്ചിൽ 190 ഒരു നല്ല സ്കോറായേനെ. എന്നാൽ ഇന്ത്യ വളരെ വൈകിയാണ് സ്കോറിങ് ഉയർത്താൻ തുടങ്ങിയത്. പാണ്ട്യയുടെ ഇന്നിംഗ്സിന്റെ മികവിൽ മാത്രമാണ് ഇന്ത്യ ഇങ്ങനെയൊരു സ്കോറിലെങ്കിലും എത്തിയത്.”- വസീം അക്രം പറഞ്ഞുവെക്കുന്നു.