ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിയിൽ വളരെയധികം നിരാശാജനകമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. 169 എന്ന വിജലക്ഷം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ ഒരു തരത്തിലും പിടിച്ചുകെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചില്ല. മത്സരത്തിൽ പത്ത് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് വിജയം കണ്ടത്. ഇതോടെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്. ഈ അവസരത്തിൽ മത്സരത്തിലെ മോശം പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ ബോളിങ്ങിൽ ഇന്ത്യ പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു എന്ന് രോഹിത് ശർമ പറയുന്നു. “ഇന്നത്തെ മത്സരം വളരെ നിരാശാജനകമായിരുന്നു. ബാറ്റിംഗിൽ അവസാന ഓവറുകളിൽ ഞങ്ങൾ നന്നായി കളിച്ചു. എന്നാൽ ബോളിങ്ങിൽ വിചാരിച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. എന്തായാലും ഇങ്ങനെ ഒരു സ്കോർ 16 ഓവറിനുള്ളിൽ ഒരു ടീമിന് ചേസ് ചെയ്യാവുന്ന വിക്കറ്റല്ല ഇത്. ബോളിങ്ങിലെ പരാജയം തന്നെയാണ് മത്സരത്തിന്റെ ഫലം മാറ്റിമറിച്ചത്.”- രോഹിത് പറഞ്ഞു.
“നോക്കൗട്ട് മത്സരങ്ങളിലേക്ക് വരുമ്പോൾ സമ്മർദങ്ങൾ നിയന്ത്രിക്കുന്നതാണ് പ്രധാനകാര്യം. അത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. സമ്മർദം എങ്ങനെ നിയന്ത്രിക്കണമെന്ന് ആരെയും പഠിപ്പിക്കാൻ സാധിക്കില്ല. ഈ കളിക്കാരൊക്കെയും ഐപിഎല്ലിൽ സമ്മർദ്ദ മത്സരങ്ങൾ കളിക്കുന്നവരാണ്. അതിനാൽതന്നെ അത് നിയന്ത്രിക്കാനും അവർക്കറിയാം.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം മത്സരത്തിൽ മികച്ച രീതിയിലല്ല തങ്ങൾ ബോളിംഗ് ആരംഭിച്ചതെന്നും രോഹിത് പറയുകയുണ്ടായി. ഒപ്പം ഇംഗ്ലണ്ടിന്റെ ഓപ്പണർമാരെ രോഹിത് അഭിനന്ദിക്കുകയും ചെയ്തു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയാണ് ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഉണ്ടായിരിക്കുന്നത്. നവംബർ 13ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും.