ലോകകപ്പിൽ കളിക്കുമ്പോൾ കാർത്തിക്കിനെ അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് അബദ്ധം!! മുഹമ്മദ്‌ കൈഫ്‌ പറയുന്നു!!

   

ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന സമയത്താണ് ന്യൂസിലാൻഡിനെതിരായ പരമ്പരയുടെ സ്ക്വാഡ് വിവരങ്ങൾ പുറത്തുവരുന്നത്. നിലവിൽ ലോകകപ്പ് സ്ക്വാഡിലുള്ള ചില കളിക്കാരെ ന്യൂസിലാൻഡിനെതിരായ പരമ്പരയുടെ സ്ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് കളിക്കാരാണ് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കും, സ്പിന്നർ രവിചന്ദ്രൻ അശ്വിനും. ലോകകപ്പ് നടക്കുന്നതിനിടയിൽ അടുത്ത പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത് ദിനേശ് കാർത്തിക്കിനെ പോലെയുള്ള കളിക്കാരുടെ ലോകകപ്പിലെ പ്രകടനത്തെ ബാധിക്കുമെന്നാണ് ഇന്ത്യൻ തരം മുഹമ്മദ് കൈഫ് പറയുന്നത്.

   

ന്യൂസിലാൻഡിനെതിരെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനാൽ തന്നെ ദിനേശ് കാർത്തിക്കിന്റെ ആത്മവിശ്വാസത്തെ ഇത് സ്വാധീനിക്കുമെന്നാണ് കൈഫ് കരുതുന്നത്. “ലോകകപ്പിനിടെ, ടീമിലെ അംഗങ്ങളായ കളിക്കാരെ അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കുന്നത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അത് ആ കളിക്കാരനെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അയാൾക്ക് സമ്മർദ്ദം ഉണ്ടായേക്കാം. ദിനേഷ് കാർത്തിക്കിന്റെ കാര്യത്തിൽ ഇത് വ്യക്തമാണ്.”- മുഹമ്മദ് കൈഫ് പറയുന്നു.

   

“ദിനേശ് കാർത്തിക്ക് ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. രവിചന്ദ്രൻ അശ്വിനും സ്‌ക്വാഡിലില്ല. ഇതിനർത്ഥം ഇപ്പോൾ ഇരുവരെയും ട്വന്റി20 കളിപ്പിക്കാൻ ഇന്ത്യ തയ്യാറല്ല എന്ന് തന്നെയാണ്. കാർത്തിക്കിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അയാൾ വേണ്ടവിധം ഉപയോഗിച്ചില്ല. ഇനിയുള്ള വഴികൾ അയാൾക്ക് പ്രയാസമേറിയതാവും.”- കൈഫ് കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം വരും മത്സരങ്ങളിലൊക്കെയും പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കുമേന്നാണ് കൈഫ് പറയുന്നത്. മികച്ച ഫോമിലല്ലെങ്കിൽ കൂടി ടീമിൽ പന്തിന് ആവശ്യമായ പിന്തുണ ലഭിക്കുമെന്ന് കൈഫ് കരുതുന്നു. ഇത് പന്തിന് ഒരു അവസരമാണെന്നും കൈഫ് പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *