ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യയ്ക്ക് ദയനീയമായ പരാജയം. നിർണായക മത്സരത്തിൽ 10 വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പൂർണമായും ഇംഗ്ലണ്ട് നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യ ചാരമായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യ 2022 ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം നോട്ടത്തിൽ അഡ്ലൈഡിലെ പിച്ച് ബാറ്റിംഗിന് അനുകൂലമായി തോന്നിയിരുന്നെങ്കിലും ഷോട്ട് ബോളുകൾക്ക് ലഭിച്ച ബൗൺസ് ഇന്ത്യൻ ബാറ്റർമാരെ അത്ഭുതപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 5 റൺസ് നേടിയ കെ എൽ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശർമയും(27) കോഹ്ലിയും(50) പതിയെ ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോയെങ്കിലും, സ്കോറിങ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും നിർണായകമായ ആങ്കറുടെ റോളിൽ കോഹ്ലി മത്സരത്തിൽ നന്നായി കളിച്ചു. എന്നാൽ ഹർദിക് പാണ്ട്യ ക്രീസിലെത്തിയതോടെ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു. പതിയെ തുടങ്ങിയ പാണ്ട്യ അവസാന ഓവറുകളിൽ ആളിക്കത്തി. ഇംഗ്ലണ്ടിന്റെ ശക്തിയായ ഫാസ്റ്റ് ബോളർമാരെ പാണ്ഡ്യ പഞ്ഞിക്കിട്ടു. മത്സരത്തിൽ 33 പന്തുകളിൽ 63 റൺസായിരുന്നു പാണ്ട്യ നേടിയത്. ഇന്നിംഗ്സിൽ നാല് ബൗണ്ടറികളും അഞ്ച് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. പാണ്ട്യയുടെ ഈ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 168 റൺസ് ആയിരുന്നു ഇന്ത്യ നേടിയത്.
എന്നാൽ മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ഓപ്പണർമാർ ഇന്ത്യയെ ഭസ്മമാക്കുന്നതാണ് കാണാനായത്. ജോസ് ബട്ലറും അലക്സ് ഹേയ്ൽസും ഇന്ത്യൻ ബോളർമാരെ നാലുപാടും അടിച്ചുതൂക്കി. ഇന്ത്യയുടെ ഒരു ബോളറെ പോലും താളം കണ്ടെത്താൻ ബട്ലറും ഹെയ്ൽസും അനുവദിച്ചില്ല. മത്സരത്തിൽ 47 ഹെയ്ൽസ് പന്തുകളിൽ 86 റൺസ് നേടി. ബട്ലർ 49 പന്തുകളിൽ 80 റൺസും. മത്സരത്തിൽ ദയനീയമായ പരാജയം തന്നെയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ ഇന്ത്യയുടെ 2022ലെ ലോകകപ്പ് ക്യാമ്പയിൻ അവസാനിച്ചിട്ടുണ്ട്.
ഈ വമ്പൻ വിജയത്തോടെ ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരായ ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്. നവംബർ 13നാണ് 2022 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത്. എന്തായാലും ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് തങ്ങളുടെ പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള സമയമാണ് ഇനി. ഇംഗ്ലണ്ടിനെ സംബന്ധിച്ച് എല്ലാ അസ്ത്രങ്ങളും കൂട്ടിക്കുട്ടി ഫൈനലിലേക്ക് വണ്ടി കയറാം.