ലോകകപ്പിന്റെ സെമിഫൈനൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ന് നടക്കുകയാണ്. അതിനുമുമ്പ് തന്നെ മുൻ ക്രിക്കറ്റർമാർ തങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിലെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ഇന്ത്യക്കാണ് ഇംഗ്ലണ്ടിനെക്കാളും വിജയസാധ്യത. എന്നാൽ അഡ്ലൈഡിലെ സാഹചര്യങ്ങളും മറ്റും ഇംഗ്ലണ്ടിന് അനുകൂലമാകുമോ എന്നത് കണ്ടുതന്നെ അറിയേണ്ടതാണ്. ഇന്ത്യയെയും ഇംഗ്ലണ്ടിനെയും കണക്കിലെടുക്കുമ്പോൾ ഇംഗ്ലണ്ടാണ് മികച്ച ട്വന്റി20 ടീമെന്നും ഇന്ത്യ ഇംഗ്ലണ്ടിനെ ഭയപ്പെടണമെന്നുമാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ പറയുന്നത്.
കഴിഞ്ഞ കുറച്ചുകാലങ്ങളിലെ ഇംഗ്ലണ്ടിന്റെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷമാണ് മൈക്കിൾ വോൺ ഈ പ്രസ്താവന നടത്തിയത്. “ഒരുപാട് ഇംഗ്ലണ്ട് ആരാധകർ ട്വന്റി20 ലോകകപ്പ് സെമിഫൈനലിനെ പറ്റി പറയുന്നത് ‘ഞങ്ങൾ ഇന്ത്യയുമായി കളിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനെ പേടിക്കേണ്ടത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യയെക്കാൾ മികച്ച ട്വന്റി20 ടീം തങ്ങളാണെന്ന് ഇംഗ്ലണ്ട് തെളിയിച്ചിട്ടുണ്ട്. അതിനാൽതന്നെ ഇംഗ്ലണ്ടിന് ആത്മവിശ്വാസത്തിൽ കുറവുണ്ടാവില്ല.”- മൈക്കിൾ വോൺ പറയുന്നു.
ഇതോടൊപ്പം മത്സരത്തിൽ അഡ്ലൈഡിൽ ഒത്തുകൂടുന്ന കാണികൾ മത്സരത്തിൽ ഒരു പ്രധാന ഘടകമാകുമെന്നും മൈക്കിൾ വോൺ പറയുകയുണ്ടായി. “ഇന്ത്യയ്ക്കായി അഡ്ലൈഡിൽ ഒരുപാട് ജനക്കൂട്ടമുണ്ടാകും. അതാണ് അവരുടെ മുൻതൂക്കം. എന്നാൽ സ്റ്റേഡിയത്തിൽ കാണികളില്ലെങ്കിൽ സാധ്യത ഇംഗ്ലണ്ടിനുമാണ്. മാത്രമല്ല വലിയ പിന്തുണ ഇന്ത്യയെ സംബന്ധിച്ച് സമ്മർദ്ദം സൃഷ്ടിക്കാനും സാധ്യതകളെറെയാണ്. മൈതാനത്ത് 95 ശതമാനവും ഇന്ത്യൻ ആരാധകരാവും. ഇംഗ്ലണ്ട് ടീമിന് ഇത്തരം സാഹചര്യങ്ങൾ ഇഷ്ടവുമാണ്.”- വോൺ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വലിയ സ്കോർ നേടുമോ എന്നതുമാത്രമാണ് തന്നെ ഭയപ്പെടുത്തുന്നത് എന്ന് മൈക്കിൾ വോൺ പറയുന്നു. ഇംഗ്ലണ്ടിനെ റൺസ് ചേസ് ചെയ്യാനും ഇന്ത്യയെ പോലെ നിലവാരമുള്ള ബോളിഗ് നിരയെ നേരിടാനുമുള്ള പ്രശ്നങ്ങളാണ് വോണിന്റെ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്.