2022 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ബാറ്റിംഗാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൂര്യകുമാറും വിരാട് കോഹ്ലിയും ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ മറ്റു ബാറ്റർമാരിൽ നിന്ന് അത്ര മികച്ച പ്രകടനമല്ല ഉണ്ടാവുന്നത്. സൂപ്പർ പന്ത്രണ്ടിൽ 5 മത്സരങ്ങൾ കളിച്ച രോഹിത് ശർമ നേടിയത് 89 റൺസ് മാത്രമായിരുന്നു. പാണ്ട്യ പാക്കിസ്ഥാനെതിരെ നിർണായകമായ 40 റൺസ് നേടിയെങ്കിലും മറ്റു മത്സരങ്ങളിൽ ഇത് തുടർന്നുകൊണ്ടു പോകുന്നതിൽ പരാജയപ്പെട്ടു.
രോഹിതും ഹാർദ്ദിക്കും സെമിഫൈനലിൽ ഫോമിലേക്ക് എത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണ് എന്നാണ് മുൻ ഇന്ത്യൻ തരം സാബാ കരീം പറയുന്നത്. “എത്ര സമയം ബാറ്റ് ചെയ്തു എന്നത് നോക്കണ്ട, എന്തായാലും രോഹിത് ശർമയും ഹാർദിക് പാണ്ട്യയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കണം. പാണ്ട്യ ബോളിങ്ങിൽ നന്നായി കളിക്കുന്നുണ്ട്. എന്നാൽ ബാറ്റർ എന്ന നിലയിൽ കുറച്ചുകൂടി മെച്ചപ്പെടണം.
സെമിയിലും ഫൈനലിലും ഇന്ത്യയ്ക്ക് ഇത് ആവശ്യമാണ്.”- സാബാ കരീം പറയുന്നു. “2022 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഇന്ത്യ വിരാട് കോഹ്ലിയെയും സൂര്യകുമാർ യാദവിനെയും വളരെയേറെ ആശ്രയിച്ചിരിക്കുന്നു. ഈ കാരണങ്ങൾകൊണ്ട് തന്നെ മറ്റു ബാറ്റർമാർ മുൻപിലേക്ക് വരേണ്ടതുണ്ട്. ഇവർ രണ്ടുപേരുമില്ലാതെ മത്സരം വിജയിപ്പിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ബാക്കിയുള്ളവർ ഉറപ്പുവരുത്തണം.”- കരീം പറയുന്നു.
ഇംഗ്ലണ്ടിനെതിരെ മുഴുവൻ ഇന്ത്യൻ ടീമും മികച്ച പ്രകടനങ്ങൾ നടത്തേണ്ടതുണ്ട് എന്നാണ് കരീം പറയുന്നത്. സൂര്യയും കോഹ്ലിയുമില്ലാതെ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കണമെന്നും, എങ്കിലെ ലോകകപ്പ് നേടാൻ സാധിക്കൂ എന്നും കരീം പറയുന്നു.