ഇന്ത്യ സെമിയിൽ വിജയിക്കുകയും ജെതാക്കളാവുകയും ചെയ്യും!! ഡിവില്ലിയെഴ്സ് പറയുന്നു!!

   

ഇതുവരെ ഈ ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യൻ ടീം കാഴ്ച വച്ചിട്ടുള്ളത്. സൂപ്പർ പന്ത്രണ്ടിലെ ഗ്രൂപ്പ് രണ്ട് ചാമ്പ്യന്മാരായ ഇന്ത്യ, കളിച്ച അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയം കണ്ടിരുന്നു. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോഴും ഈ വിജയങ്ങൾ തന്നെയാണ് ഇന്ത്യക്ക് ആത്മവിശ്വാസമായിയുള്ളത്. ഇംഗ്ലണ്ടിനെ ഇന്ത്യ സെമി ഫൈനലിൽ പരാജയപ്പെടുത്തുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്യുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ എബി ഡിവില്ലിയെഴ്സ് പറയുന്നത്.

   

ഇന്ത്യൻ ടീമിൽ എല്ലാവരും മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും അതിന്റെ ഫലം ഇന്ത്യക്ക് ലഭിക്കുമെന്നും ഡിവില്ലിയെഴ്സ് പറയുന്നു. “ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഫൈനൽ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളാവുകയും ചെയ്യും. നിലവിൽ ഇന്ത്യൻ ടീമിലെ എല്ലാവരും നന്നായി കളിക്കുന്നുണ്ട്. സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും മികച്ച ഫോമിലാണുള്ളത്.

   

രോഹിത്തിന് ഇതുവരെ റൺസ് കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും നിർണായക മത്സരങ്ങളിൽ രോഹിത് ഫോമിലെത്തും. വളരെ പ്രഗൽഭരായ ടീം തന്നെയാണ് ഇന്ത്യ.”- ഡിവില്ലിയെഴ്സ് പറഞ്ഞു. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ തന്റെ പ്രതീക്ഷകളെപറ്റിയും ഡിവില്ലിയെഴ്സ് വാചാലനായി. “ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഒരു നല്ല മത്സരം തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നെ സംബന്ധിച്ച് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണം ഇതു തന്നെയാവും. സെമിഫൈനലിൽ ഇന്ത്യയ്ക്ക് വിജയിക്കാനായാൽ ട്രോഫി ഇന്ത്യയിലെത്തും എന്ന് ഞാൻ കരുതുന്നു.”- ഡിവില്ലിയെഴ്സ് കൂട്ടിച്ചേർക്കുന്നു.

   

ഇതുവരെ ട്വന്റി20 ലോകകപ്പിൽ മൂന്ന് തവണയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മത്സരിച്ചിട്ടുള്ളത്. ഇതിൽ രണ്ടു തവണയും ഇന്ത്യയ്ക്ക് തന്നെയായിരുന്നു വിജയം. 2022ലെ സെമി ഫൈനലിലും ഈ ചരിത്രം ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *