ഇന്ത്യയുടെ സൂപ്പർ 12 മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നത് സൂര്യകുമാർ യാദവും വിരാട് കോഹ്ലിയുമായിരുന്നു. ഇന്ത്യക്കായി നല്ലൊരു ശതമാനം റൺസ് കണ്ടെത്തിയതും ഈ ബാറ്റർമാർ ആയിരുന്നു. എന്നാൽ ഇവർ ഇരുവരും സ്കോർ നേടാതിരുന്നാൽ ഇന്ത്യയെ സംബന്ധിച്ച് ആശങ്കകൾ ഉണ്ടാകും. ഓപ്പണർ കെഎൽ രാഹുൽ പതിയെ ഫോമിലേക്ക് തിരിച്ചുവന്നിട്ടുണ്ടെങ്കിലും രോഹിത് ശർമയുടെയും പാണ്ട്യയുടെയും ദിനേശ് കാർത്തിക്കിന്റെയുമൊക്കെ സ്ഥിരതയില്ലായ്മ ഇന്ത്യയെ അലട്ടുന്നുണ്ട്. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ സംസാരിക്കുന്നത്.
സൂപ്പർ 12ലെ മത്സരങ്ങളിലെല്ലാം മെച്ചപ്പെട്ട സ്കോർ കണ്ടെത്താൻ ഇന്ത്യയെ സഹായിച്ചത് സൂര്യകുമാറിന്റെ ഫോമാണെന്ന് സുനിൽ ഗവാസ്കർ പറയുന്നു. “ഇന്ത്യയ്ക്ക് പ്രതിരോധിക്കാനാവുന്ന സ്കോർ കെട്ടിപ്പടുക്കാൻ സൂര്യകുമാർ യാദവ് വളരെയേറെ സഹായിച്ചിട്ടുണ്ട്. മെൽബണിൽ നേടിയ സ്കോറായിരുന്നു ഇന്ത്യയുടെ സൂപ്പർ പന്ത്രണ്ടിലെ ഏറ്റവുമുയർന്നത്. എന്നാൽ മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ 61 ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 150 പോലും കടക്കില്ലായിരുന്നു.”- ഗവാസ്കർ പറയുന്നു.
ഇതോടൊപ്പം സൂര്യകുമാർ യാദവിന് മികച്ച ഇന്നിങ്സുകൾ കളിക്കാൻ സാധിക്കാതെ വരുമ്പോൾ ഓപ്പണർ കെ എൽ രാഹുൽ ആ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഗവാസ്കർ പറയുന്നു. “എന്നെ സംബന്ധിച്ച് ഇപ്പോൾ സൂര്യകുമാറും വിരാട് കോഹ്ലിയുമാണ് മികച്ച ഫോമിലുള്ള ബാറ്റർമാർ. രാഹുൽ ഫോമിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇതിലും മികച്ചു ഇന്നിങ്സുകൾ രാഹുലിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം സൂര്യകുമാർ യാദവ് പ്രതിസന്ധിയിലാകുന്ന ദിവസം ഇന്ത്യയ്ക്ക് 140-150 സ്കോർ പോലും നേടാൻ സാധിക്കില്ല എന്ന് ഗവാസ്കർ പറയുകയുണ്ടായി. അതിനാൽതന്നെ രാഹുൽ കൃത്യമായി ഫോം കണ്ടെത്തണമെന്നും ഗവാസ്ക്കർ സൂചിപ്പിക്കുന്നു. നാളെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടം നടക്കുക.