ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ സൂപ്പർ പന്ത്രണ്ട് മത്സരത്തിൽ ദിനേശ് കാർത്തിക്കിന് പകരക്കാരനായി റിഷാഭ് പന്തായിരുന്നു ഇന്ത്യക്കായി ഇറങ്ങിയത്. എന്നാൽ മത്സരത്തിൽ മൂന്ന് റൺസ് മാത്രം നേടാനെ പന്തിന് സാധിച്ചിരുന്നുള്ളൂ. ഇതിനാൽതന്നെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ദിനേശ് കാർത്തിക്കിനെ ടീമിൽ തിരിച്ചു ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പന്തിനെ കളിപ്പിക്കുന്നതാവും ഉത്തമമെന്നാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി ഇപ്പോൾ പറയുന്നത്.
ദിനേശ് കാർത്തിക്ക് മികച്ച ഒരു ക്രിക്കറ്ററാണെങ്കിൽ തന്നെ ഇംഗ്ലണ്ടിനെതിരെ പന്തിനാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുക എന്ന് ശാസ്ത്രി വിശ്വസിക്കുന്നു. “ദിനേശ് കാർത്തിക്ക് ഒരു നല്ല ടീം കളിക്കാരൻ തന്നെയാണ്. എന്നാൽ ഇംഗ്ലണ്ടും ന്യൂസിലാന്റും എതിർടീമുകളായി വരുമ്പോൾ നമുക്കാവശ്യം ഒരു ഇടംകയ്യൻ ബാറ്ററെയാണ്. അങ്ങനെ നോക്കുമ്പോൾ പന്താണ് ഉത്തമം. അയാൾ ഒരു മാച്ച് വിന്നറുമാണ്.”- രവിശാസ്ത്രി പറയുന്നു.
ഇതോടൊപ്പം കഴിഞ്ഞ സമയങ്ങളിൽ ഇംഗ്ലണ്ടിനെതിരെ പന്ത് നടത്തിയ പ്രകടനങ്ങളെയും രവിശാസ്ത്രി ഓർക്കുന്നു. “ഇംഗ്ലണ്ടിനെതിരെ വളരെ മികച്ച പ്രകടനങ്ങളാണ് പന്ത് കാഴ്ചവച്ചിട്ടുള്ളത്. അയാൾ ഇംഗ്ലണ്ടിനെതിരെ ഒറ്റയ്ക്ക് ഒരു ഏകദിന മത്സരം വിജയിപ്പിക്കുകയുമുണ്ടായി. അതിനാൽതന്നെ ഞാൻ പന്തിനെ പിന്തുണയ്ക്കുന്നു. അയാൾ ഓസ്ട്രേലിയയിൽ കളിച്ചിട്ടുള്ളതുകൊണ്ട് മാത്രമല്ല, ഇന്ത്യയുടെ എക്സ് ഫാക്ടർ ആയതിനാൽ കൂടെയാണ്. ഇന്ത്യ സെമിയിൽ പന്തിനെ കളിപ്പിക്കണം.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം അഡ്ലൈഡിലെ ചെറിയ ബൗണ്ടറികളിൽ പന്തിന് കൃത്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുമെന്നും രവിശാസ്ത്രി പറയുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് വലംകയ്യൻ ബാറ്റർമാറുള്ളതിനാൽ ഇംഗ്ലണ്ട് ബോളർമാർക്ക് ഒരേതരം ബോളിംഗ് ആക്രമണം നടത്താനാവും. എന്നാൽ മുൻനിരയിൽ ഒരു ഇടംകയ്യനുണ്ടെങ്കിൽ ഇന്ത്യക്ക് ഗുണമാവും എന്ന് ശാസ്ത്രി വിശ്വസിക്കുന്നു.