2022 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ശക്തികേന്ദ്രം ബാറ്റിംഗ് തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. ലോകക്രിക്കറ്റിലെ തന്നെ ആദ്യ നാലു ബാറ്റർമാരാണ് ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഉള്ളത്. ഇതിൽ സൂര്യകുമാറും വിരാട് കോഹ്ലിയും കെ എൽ രാഹുലും ലോകകപ്പിൽ തങ്ങളുടെ ഫോം കണ്ടെത്തിക്കഴിഞ്ഞു. ഇനി ഫോമിലേക്ക് തിരിച്ചുവരാനുള്ളത് ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമയാണ്. നെതർലാൻസിനെതിരായ മത്സരത്തിൽ രോഹിത് അർത്ഥശതകം നേടിയെങ്കിലും അത് അത്ര അഭികാമ്യമായിരുന്നില്ല. എന്നിരുന്നാലും സെമിഫൈനൽ-ഫൈനൽ മത്സരങ്ങളിൽ രോഹിത് ഫോമിലേക്ക് തിരികെയെത്തുമെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ മറ്റു ബാറ്റർമാർ ടൂർണമെന്റിൽ നടത്തിയ മികച്ച പ്രകടനങ്ങളെ പ്രശംസിക്കാനും ഹർഭജൻ സിങ് മറക്കുന്നില്ല. “രോഹിത് ശർമ നന്നായി ബാറ്റ് ചെയ്യുന്നില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൂര്യകുമാർ ഓസ്ട്രേലിയയിലെ രാത്രികളിൽ മിന്നിത്തിളങ്ങുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അതൊരു പോസിറ്റീവ് തന്നെയാണ്. പ്രയാസകരമായ പിച്ചിലെ സൂര്യകുമാറിന്റെ ബാറ്റിംഗ് പ്രകടനങ്ങൾ കാട്ടിത്തരുന്നത് അയാൾ എത്രമാത്രം മികച്ച ക്രിക്കറ്ററാണ് എന്ന് തന്നെയാണ്. അയാൾ അത് തുടരുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”- ഹർഭജൻ സിങ് പറയുന്നു.
“ബാറ്റിംഗ് ലൈനപ്പ് എന്തായാലും വിരാടിന്റെ തോളിലല്ല ഇപ്പോൾ. മറ്റു ബാറ്റർമാരും നന്നായി കളിക്കുന്നുണ്ട്. കെഎൽ രാഹുൽ റൺസ് കണ്ടെത്തുന്നുണ്ട്. രോഹിത് മാത്രമാണ് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്. എന്തായാലും അവസാന രണ്ടു മത്സരങ്ങളിൽ രോഹിത്തും ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ്. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ 25 പന്തുകളിൽ 61 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. സൂര്യ ഈ ഫോം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.