2022 ലോകകപ്പിലെ സൂപ്പർ പന്ത്രണ്ട് സ്റ്റേജിൽ വളരെ മികവാർന്ന പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ നിര കാഴ്ചവെച്ചിട്ടുള്ളത്. സൂപ്പർ 12ൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും ഇന്ത്യ വിജയം കണ്ടിരുന്നു. വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയപ്പോൾ അർഷദീപ് സിംഗും ഭുവനേശ്വറും ഇന്ത്യയുടെ ബോളിംഗ് ബാറ്ററികളായി. എന്നാൽ സെമിഫൈനലിലേക്ക് എത്തുമ്പോൾ ഇന്ത്യയെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം ക്യാപ്റ്റൻ രോഹിത് ശർയുടെ ഫോമില്ലായ്മയാണ്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്.
രോഹിത് ശർമയുടെ ഈ ബാറ്റിംഗ് പ്രകടനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. “വീണ്ടും രോഹിത്തിന്റെ ബാറ്റിൽ നിന്ന് റൺസുണ്ടാവുന്നില്ല. നമുക്ക് നമ്മെ തന്നെ പറ്റിക്കാൻ സാധിക്കില്ലല്ലോ. നമ്മൾ ഇന്ത്യൻ ആരാധകർ ബാബറും ബാവുമയും റൺസ് നേടാത്തതിനെപ്പറ്റി ചർച്ച ചെയ്യപ്പെടുമ്പോൾ, രോഹിത്തിന്റെ പ്രകടനം വിലയിരുത്തേണ്ടതുണ്ട്.”- ആകാശ് ചോപ്ര പറയുന്നു.
ഇതോടൊപ്പം രോഹിത്തിന്റെ നെതർലൻസിനെതിരായ അർത്ഥസെഞ്ചറിയിലും താൻ തൃപ്തനല്ല എന്നാണ് ആകാശ് ചോപ്ര പറയുന്നത്. “കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു അർത്ഥസെഞ്ച്വറിയാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. അതും ഒരു വൃത്തിയായ അർത്ഥസെഞ്ച്വറി ആയിരുന്നില്ല. അത് നെതർലൻഡ്സിനെതിരെ ആയിരുന്നു. സിംബാബ്വെയ്ക്കെതിരെ ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു പ്രശ്നം തന്നെയാണ്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ലോകകപ്പിലെ സൂപ്പർ പന്ത്രണ്ട് മത്സരങ്ങളിൽ ഇതുവരെ 5 മത്സരങ്ങൾ രോഹിത് ശർമ കളിക്കുകയുണ്ടായി. 17.8 റൺസ് ശരാശരിയിൽ 89 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 109 മാത്രമായിരുന്നു സൂപ്പർ 12ലെ രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ്. എന്തായാലും സെമിഫൈനലിൽ രോഹിത് തന്റെ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യം തന്നെയാണ്.