സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ മഴമൂലം നടക്കാതെ വന്നാലോ?? ഈ നിയമങ്ങൾ നോക്കൂ!!

   

2022 ട്വന്റി20 ലോകകപ്പിനെ ഇതുവരെ വലിയ രീതിയിൽ തന്നെ കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. പല വലിയ മത്സരങ്ങളും മഴയിൽ ഒലിച്ചു പോവുകയുണ്ടായി. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമടക്കമുള്ള ടീമുകൾക്ക് സെമിയിലെത്താൻ സാധിക്കാതെ വന്നതിനും മഴ ചെറിയതോതിലെങ്കിലും കാരണമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ലീഗ് സ്റ്റേജിലെ രണ്ടു മത്സരങ്ങൾ മഴയെടുത്തപ്പോൾ, ഓസ്ട്രേലിയയുടെ ഇംഗ്ലണ്ടിനെതിരായ നിർണായ മത്സരവും മഴയിൽ ഒലിച്ചുപോയി. ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ച സിംബാബ്വേയ്ക്കെതിരായ മത്സരത്തിൽ മഴ നന്നായി കളിച്ചു. ഇതിന്റെയൊക്കെ പരിണിതഫലങ്ങൾ ടീമുകൾ അറിഞ്ഞു. എന്നാൽ നിർണ്ണായകമായ സെമിഫൈനൽ-ഫൈനൽ മത്സരങ്ങളിൽ മഴയെത്തിയാൽ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം.

   

സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾക്ക് ഐസിസി തന്നെ ഒരു റിസർവ് ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മത്സരം നടക്കുന്ന ദിവസം മഴ തുടർച്ചയായി പെയ്യുകയാണെങ്കിൽ മത്സരം അതേ വേദിയിൽ തന്നെ അടുത്ത ദിവസം നടക്കും. എവിടെവച്ചാണോ മത്സരത്തിൽ മഴയെത്തിയത് അവിടെ നിന്നുതന്നെ അടുത്ത ദിവസം മത്സരം ആരംഭിക്കും. ഗ്രൂപ്പ് സ്റ്റേജുകളിൽ ഇങ്ങനെ മത്സരങ്ങൾക്ക് റിസർവ് ദിവസം അനുവദിച്ചിരുന്നില്ല.

   

ഇനി റിസർവ് ദിവസവും മഴ പെയ്ത് മത്സരം തുടരാൻ സാധിച്ചില്ലെങ്കിലോ?അവിടെയാണ് വലിയൊരു പ്രശ്നം ഉദിക്കുന്നത്. സെമിഫൈനൽ മത്സരങ്ങളിൽ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ സൂപ്പർ പന്ത്രണ്ടിലെ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനെ വിജയികളായി പ്രഖ്യാപിക്കും. ഉദാഹരണത്തിന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴമൂലം നടക്കാതെ വന്നാൽ രണ്ടാം ഗ്രൂപ്പിന്റെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തും.

   

ഇനി ഫൈനൽ മത്സരത്തിൽ മഴപെയ്താലോ? ഫൈനൽ മത്സരത്തിനും പ്രത്യേക റിസർവ് ദിവസമുണ്ട്. എന്നാൽ ആ ദിവസം മഴയെത്തിയാൽ ഫൈനലിലെത്തുന്ന രണ്ടു ടീമുകളെയും ജേതാക്കളായി പ്രഖ്യാപിക്കും. സംയുക്ത വിജയിയായി രണ്ടു ടീമും മാറും. മുമ്പ് 2002ലെ ചാമ്പ്യൻ ട്രോഫി ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഇന്ത്യയും ശ്രീലങ്കയുമായിരുന്നു സംയുക്ത വിജയികൾ. ഇങ്ങനെയാണ് മഴ വില്ലനായി എത്തിയാലുള്ള ലോകകപ്പ് മത്സരങ്ങളുടെ ഘടന.

Leave a Reply

Your email address will not be published. Required fields are marked *