കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യൻ ടീമിൽ സ്പിന്നറായി കളിച്ചിരുന്നത് രവിചന്ദ്രൻ അശ്വിനാണ്. മത്സരങ്ങളിൽ ഒരുപാട് വിക്കറ്റുകൾ നേടാൻ അശ്വിന് സാധിച്ചിരുന്നില്ലേങ്കിലും, ബാറ്റിങ്ങിൽ സംഭാവന നൽകുന്നതിൽ അശ്വിൻ വിജയിച്ചിരുന്നു. ഇന്ത്യയുടെ ബംഗ്ലാദേശിനും പാക്കിസ്ഥാനുമെതിരായ മത്സരങ്ങളിൽ അശ്വിന്റെ സംയമനപൂർവ്വമുള്ള ബാറ്റിംഗ് ഇന്ത്യയെ രക്ഷിച്ചു. എന്നാൽ അശ്വിനു പകരം ചാഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ അബദ്ധം തന്നെയാണ് എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്.
മത്സരങ്ങളിൽ എട്ടാം നമ്പറിലാണ് അശ്വിൻ ബാറ്റ് ചെയ്യാറുള്ളത്. എന്നിട്ടും അശ്വിനെ ബാറ്റിംഗിന്റെ പേരിൽ നിലനിർത്തുന്നത് മാനേജ്മെന്റിനു ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ എന്ന് ഗവാസ്കർ ചോദിക്കുന്നു. “നിങ്ങൾ എട്ടാം നമ്പർ ബാറ്ററേ ആശ്രയിക്കുന്നുവെങ്കിൽ ആദ്യ 7 നമ്പറുകളെ കുറിച്ച് പറയണം. ഒരു 20 ഓവർ മത്സരത്തിൽ ആദ്യ ഏഴു ബാറ്റർമാരിൽ ഇന്ത്യൻ മാനേജ്മെന്റിന് ആത്മവിശ്വാസക്കുറവുണ്ടോ? അതുകൊണ്ടാണോ എട്ടാം നമ്പർ ബാറ്ററായ അശ്വിനെ ബാറ്റിംഗിന്റെ പേരിൽ ടീമിൽ നിലനിർത്തുന്നത്?”- ഗവാസ്കർ ചോദിക്കുന്നു.
“ഒരു 50 ഓവർ മത്സരമാണെങ്കിൽ ഞാൻ സമ്മതിക്കാം. കാരണം അപ്പോൾ നമുക്ക് ബാറ്റിംഗിൽ ഡെപ്ത്ത് വേണം. എന്നാൽ 20 ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ ഏഴ് പേർക്ക് മുഴുവൻ ഇന്നിങ്‌സും ബാറ്റ് ചെയ്യാനാവില്ലേ. എന്തായാലും അശ്വിന്റെ കാര്യത്തിൽ വ്യക്തതയില്ല. എന്നെ സംബന്ധിച്ച് നെതർലാൻസിനെതിരായ മത്സരത്തിൽ ഇന്ത്യ അശ്വിനെ കളിപ്പിക്കണമായിരുന്നു. എന്നാൽ ഇതുവരെ അത് സംഭവിച്ചിട്ടില്ല.”- ഗവാസ്ക്കർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കായി ഈ ലോകകപ്പിൽ മധ്യഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ രവിചന്ദ്രൻ അശ്വിൻ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരെ അശ്വിൻ കുറച്ചധികം റൺസും വഴങ്ങുകയുണ്ടായി. അതിനുശേഷമാണ് വിമർശനങ്ങൾ വരുന്നത്.