ധോണിയുടെ ഇടപെടൽ!! 2023ലും ജഡേജ ചെന്നൈ ടീമിൽ തന്നെ കളിക്കും

   

കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഏറ്റവുമധികം ചർച്ചയായിട്ടുള്ള ഒന്നാണ് രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റുമായുള്ള പ്രശ്നം. ഐപിഎല്ലിന്റെ 2022 സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനായി നിയമിക്കുകയും, സീസൺ മധ്യേ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ജഡേജ ചെന്നൈയുമായി ബന്ധപ്പെട്ട തന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം വഷളായത്. ഈ പ്രശ്നങ്ങൾ നിലനിൽക്കേ 2023 ഐപിഎല്ലിൽ രവീന്ദ്ര ജഡേജ മറ്റൊരു ഐപിഎൽ ടീമിലേക്ക് ചേക്കേറും എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവരികയുണ്ടായി. എന്നാൽ ജഡേജ 2023ൽ ചെന്നൈക്കായി തന്നെ കളിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

   

ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023ലെ ഐപിഎൽ ലേലം അടുത്ത് വരുന്ന സാഹചര്യത്തിൽ ജഡേജയെ ചെന്നൈ മാനേജ്മെന്റ് കയ്യൊഴിയുമോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. എന്നാൽ ടീമിന്റെ ക്യാപ്റ്റനായ എം എസ് ധോണി മാനേജ്മെന്റിനെ കാര്യങ്ങൾ ബോധിപ്പിക്കുകയാണ് ഉണ്ടായത്. ഇതേ തുടർന്ന് ജഡേജയെ വിട്ടുനൽകില്ല എന്ന് ചെന്നൈ മാനേജ്മെന്റ് തീരുമാനമെടുക്കുകയായിരുന്നു.

   

ചെന്നൈയെ സംബന്ധിച്ച് ജഡേജ ഒരു പ്രാധാന്യമുള്ള കളിക്കാരനാണെന്നും, ജഡേജയുടെ സ്വാധീനം മറ്റൊരു ക്രിക്കറ്റർക്കും ഉണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് ധോണി മാനേജ്മെന്റിനെ അറിയിച്ചത്. അതേതുടർന്നാണ് മാനേജ്മെന്റിന്റെ ഈ തീരുമാനം. 2012ൽ ചെന്നൈ ടീമിലെത്തിയ ജഡേജ ചെന്നൈയ്ക്കായി ഇതുവരെ മികച്ച പ്രകടനങ്ങളായിരുന്നു നടത്തിയത്. 2018ലും 2021ലും ചെന്നൈ ഐപിഎൽ ജേതാക്കളാകുമ്പോൾ ടീമിലെ പ്രധാന ഘടകം തന്നെയായിരുന്നു ജഡേജ.

   

33 കാരനായ ജഡേജ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 230 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നന്നായി 2502 റൺസും 132 വിക്കറ്റുകളുമാണ് ജഡേജയുടെ സമ്പാദ്യം. ചെന്നൈയ്ക്ക് പുറമേ രാജസ്ഥാൻ, കൊച്ചി, ഗുജറാത്ത് ടീമുകൾക്കായാണ് ജഡേജ കളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *