സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. അഫ്ഗാനിസ്ഥാനെതിരായ തങ്ങളുടെ സൂപ്പർ പന്ത്രണ്ടിലെ അവസാന മത്സരത്തിൽ 4 റൺസിനാണ് ഓസ്ട്രേലിയ വിജയം കണ്ടത്.ഈ വിജയത്തോടെ ഓസ്ട്രേലിയ പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിസ്ഥാനെതിരെ വലിയ മാർജിനിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയക്ക്, നാളെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താൽ മാത്രമേ സെമിയിലെത്താനാവൂ.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്ത് വിലകൊടുത്തും മത്സരത്തിൽ വലിയ മാർജിനിൽ ജയിക്കുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് ഡേവിഡ് വാർണർ ബാറ്റ് വീശിയത്. എന്നാൽ ക്രീസിൽ നിന്ന് ആറാടാൻ അഫ്ഗാൻ ബോളർമാർ വാർണർക്ക് അവസരം നൽകിയില്ല. കൃത്യമായ ഇടവേളകളിൽ അവർ വിക്കറ്റ് കൊയ്തു. ഓസ്ട്രേലിയയ്ക്കായി മാക്സ്വെൽ 32 പന്തുകളിൽ 54 റൺസും, മാർഷ് 30 പന്തുകളിൽ 45 റൺസും നേടി. എന്നാൽ അഫ്ഗാന്റെ മികച്ച ഡെത്ത് ബോളിഗ് ഓസ്ട്രേലിയയെ പിടിച്ചുകെട്ടി. നിശ്ചിത 20 ഓവറുകളിൽ 168 റൺസ് നേടാനേ ഓസ്ട്രേലിയക്ക് സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിൽ വളരെ സൂക്ഷ്മതയോടെ തന്നെയായിരുന്നു അഫ്ഗാൻ ബാറ്റർമാർ ആരംഭിച്ചത്. ഓപ്പണർ ഗുർബാസ് അഫ്ഗാനിസ്ഥാനായി 17 പന്തുകളിൽ 30 റൺസ് നേടി. ശേഷം നാലാം വിക്കറ്റിൽ ഇബ്രാഹിം സദ്രാനും (26) ഗുൽബദീനും (39) മികച്ച കൂട്ടുകെട്ട് നൽകി. എന്നാൽ തുടർച്ചയായി നാലു വിക്കറ്റുകൾ പിഴുതുകൊണ്ട് ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെവരികയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ റാഷിദ് ഖാൻ ഓസ്ട്രേലിയൻ ബോളിങ്ങിനെ അടിച്ചുതൂക്കി. ഒരു നിമിഷം അവിശ്വസനീയമായി ഓസ്ട്രേലിയയുടെ കയ്യിൽ നിന്നും വിജയം തട്ടിയെടുക്കാൻ പോലും അഫ്ഗാനിസ്ഥാന് സാധിക്കുമെന്ന് തോന്നി. മത്സരത്തിൽ 4 റൺസിനാണ് ഓസ്ട്രേലിയ വിജയം കണ്ടത്.
ഓസ്ട്രേലിയയുടെ ഈ വിജയത്തോടെ ശ്രീലങ്ക സെമി കാണാതെ പുറത്തായിട്ടുണ്ട്. എന്നാൽ ശ്രീലങ്കയുടെ കനിവുണ്ടെങ്കിൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സെമിയിലെത്താൻ സാധിക്കൂ. ഇംഗ്ലണ്ടിനെതിരെ ചെറിയ മാർജിനിലെങ്കിലും ശ്രീലങ്ക ജയിച്ചാൽ ഓസീസിന് സെമിയിലെത്താം. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലെ ഫോം കണക്കിലെടുത്താൽ ഇംഗ്ലണ്ട് തന്നെയാണ് രണ്ടാമതായി സെമിയിലെത്താൻ സാധ്യതയുള്ള ടീം.