2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ന്യൂസിലാൻഡ്. നിർണായകമായ മത്സരത്തിൽ അയർലണ്ട് ടീമിനെ 35 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് തങ്ങളുടെ സെമിഫൈനലിലെ സ്ഥാനം ഏകദേശം ഉറപ്പിച്ചത്. മത്സരത്തിൽ കണ്ടത് പൂർണമായും ന്യൂസിലാൻഡിന്റെ ആധിപത്യം തന്നെയായിരുന്നു. ബാറ്റിംഗിൽ ക്യാപ്റ്റൻ വില്യംസൺ ഫോമിലേക്ക് തിരികെയെത്തിയപ്പോൾ, ബോളിങ്ങിൽ ഫെർഗ്യുസൻ ന്യൂസിലാന്റിന്റെ കാവലാളായി.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ അയർലൻഡ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ വമ്പനടികളോടെ തന്നെയാണ് ന്യൂസിലാൻഡ് ഓപ്പണർ ഫിൻ അലൻ (32) ആരംഭിച്ചത്. ഓപ്പണർമാർ നൽകിയ തുടക്കം എല്ലാ അർത്ഥത്തിലും വിനിയോഗിക്കാൻ ക്യാപ്റ്റൻ വില്യംസണ് സാധിച്ചു. മത്സരത്തിൽ 35 പന്തുകളിൽ 61 റൺസാണ് വില്യംസൺ നേടിയത്. ഇന്നിങ്സിൽ 5 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. വില്യംസന്റെ മികവിൽ 200 എന്ന മാന്ത്രിക സ്കോറിലേക്ക് കുതിച്ച ന്യൂസിലാൻഡിന് തടയിട്ടത് ജോഷ്വാ ലിറ്റിൽ ആയിരുന്നു. മത്സരത്തിൽ ഹാട്രിക് സ്വന്തമാക്കിയ ലിറ്റിൽ ന്യൂസിലാൻഡിനെ 185ൽ തളച്ചു.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം തന്നെയാണ് അയർലണ്ടിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. എന്നാൽ ഇന്നിങ്‌സിലുടനീളം ഈ മോമെന്റ്റം കാത്തുസൂക്ഷിക്കാൻ അയർലൻഡിന് സാധിക്കാതെ വന്നു. ഒപ്പം ന്യൂസിലാൻഡ് ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയതോടെ അയർലൻഡ് തകർന്നു. ഓപ്പണർ പോൾ സ്റ്റെർലിംഗായിരുന്നു മത്സരത്തിൽ അയർലണ്ടിന്റെ ടോപ്പ് സ്കോറർ. മത്സരത്തിൽ 35 റൺസിനാണ് അയർലൻഡ് പരാജയം ഏറ്റുവാങ്ങിയത്.
ഈ വിജയത്തോടെ ന്യൂസിലാൻഡ് സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ വലിയ വിജയം നേടുന്ന ടീമുകളിൽ ഒന്നാകും ഒന്നാം ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡിനൊപ്പം സെമിയിൽ എത്തുന്നത്. നിലവിൽ ന്യൂസിലാന്റിന്റെ ഫോം മറ്റു ടീമുകൾക്ക് പേടിസ്വപ്നമാകുമെന്ന് ഉറപ്പാണ്.
View this post on Instagram