ലോകകപ്പിലെ സൂപ്പർ പന്ത്രണ്ട് മത്സരങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. രണ്ടാം ഗ്രൂപ്പിൽ നിന്ന് ഇന്ത്യ സെമി ഫൈനലിന് അടുത്താണുള്ളത്. അടുത്ത മത്സരത്തിൽ സിംബാബ്വെയെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്താൻ സാധിക്കും. സെമിയിലും ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ വിരാട് കോഹ്ലിയുടെ ഫോമാണ്. വലിയ മത്സരങ്ങളിൽ വിരാട് കോഹ്ലിയെപോലെയുള്ള കളിക്കാരുടെ ബാറ്റിംഗ് സ്വഭാവമാണ്, മറ്റുള്ളവരിൽ നിന്നും അവരെ വ്യത്യസ്തരാക്കുന്നത് എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
വിരാട് കോഹ്ലിയെ വലിയ മത്സരങ്ങളിൽ വ്യത്യസ്തനാക്കുന്നത് എന്താണ് എന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആകാശ് ചോപ്ര. “തന്റെ ബാറ്റിംഗ് സ്വഭാവം തന്നെയാണ് വിരാടിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് വലിയ മത്സരങ്ങളിൽ നാം കൂടുതലായി വിരാടിനെ പോലെയുള്ള വലിയ കളിക്കാരെ ശ്രദ്ധിക്കുന്നതും. വിരാട് മാത്രമല്ല സച്ചിനെപ്പറ്റിയും നേരത്തെ നമ്മൾ ഇക്കാര്യം പറയാറുണ്ടായിരുന്നു.”- ആകാശ് ചോപ്ര പറഞ്ഞു.
അതോടൊപ്പം 2022ലെ ലോകകപ്പിൽ വിരാട് കോഹ്ലി ഉണ്ടാക്കിയ ഇമ്പാക്ടിനെകുറിച്ചും ആകാശ് ചോപ്ര സംസാരിച്ചു. “2019 ലോകകപ്പിൽ രോഹിത് ശർമ 5 സെഞ്ച്വറികൾ നേടിയിരുന്നു. 2019 ലോകകപ്പ് രോഹിത്തിന്റേതായിരുന്നു. ഈ ലോകകപ്പ് വിരാട്ടിന്റേതും. ഇതാണ് സംഭവിക്കാൻ പോകുന്നത്. ഈ പിച്ചുകളെല്ലാം ബാറ്റ് ചെയ്യാൻ നല്ലതാണ്. സമ്മർദ്ദ സാഹചര്യങ്ങളിൽ ഭയക്കുന്നവർക്കപ്പുറം, അടിച്ചു തൂക്കുകയാണ് വിരാട് ചെയ്യുന്നതും.”- ആകാശ് ചോപ്ര കൂട്ടിചേർക്കുന്നു.
ടൂർണമെന്റിലെ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വിരാട് കോഹ്ലിയാണ് ഏറ്റവുമധികം റൺസ് നേടിയിരിക്കുന്ന കളിക്കാരൻ. ഇതുവരെ 4 ഇന്നിങ്സുകൾ കളിച്ച കോഹ്ലി 220 റൺസ് നേടിയിട്ടുണ്ട്. 144.73 ആണ് വിരാടിന്റെ 2022 ട്വന്റി20 ലോകകപ്പിലെ ശരാശരി.