ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾ അവസാന ദിവസത്തിലേക്ക് വന്നിരിക്കുകയാണ്. അവസാന മത്സരങ്ങൾ സെമിഫൈനൽ യോഗ്യരെ കണ്ടെത്തുമ്പോൾ ആവേശമേറുകയാണ്. സൂപ്പർ 12ലെ രണ്ട് ഗ്രൂപ്പുകളിലും ആവേശോജ്വലമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇതിൽ ആദ്യ ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, അയർലൻഡ് എന്നീ ടീമുകൾ സെമിഫൈനലിൽ സ്ഥാനത്തിനായി പൊരുതുന്നു. രണ്ടാം ഗ്രൂപ്പിൽ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കാണ് സാധ്യത.
ഇന്ത്യയടങ്ങുന്ന രണ്ടാം ഗ്രൂപ്പിൽ സമവാക്യങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. പാകിസ്ഥാൻ ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് വീണ്ടും കഠിനമായി. ഇന്ത്യയുടെ അവസാനമത്സരം സിംബാബ്വെക്കെതിരെയാണ്. ഈ മത്സരത്തിൽ ഇന്ത്യ ജയിക്കുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താൽ ഇന്ത്യക്ക് സെമിയിലെത്താം. എന്നാൽ പരാജയപ്പെട്ടാൽ മറ്റു ഫലങ്ങളെ വളരെയേറെ ആശ്രയിക്കേണ്ടി വരും.
ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താൻ വളരെയധികം സാധ്യതയുള്ള ഒരു ടീം. നിലവിൽ നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. അവരുടെ അടുത്ത മത്സരം നെതർലാൻസിനെതിരെയാണ്. മത്സരത്തിൽ വിജയിച്ചാൽ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. മറിച്ച് പരാജയപ്പെട്ടാൽ ദക്ഷിണാഫ്രിക്ക പുറത്താവും. മഴമൂലം മത്സരം ഉപേക്ഷിച്ചാലും ദക്ഷിണാഫ്രിക്കയുടെ കാര്യം വെള്ളത്തിലാവും.
പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് മറ്റൊരു നിർണായക മത്സരം നടക്കാനുള്ളത്. മത്സരത്തിൽ വിജയിക്കുന്ന ടീമിന് സെമിഫൈനൽ സാധ്യതകൾ പുലർത്താനാവും. പക്ഷേ മറ്റു ഫലങ്ങളെ ആശ്രയിക്കേണ്ടിവരും. അഥവാ ദക്ഷിണാഫ്രിക്ക നെതർലാൻസിനെതിരെ വിജയിക്കുകയും, ഇന്ത്യ സിംബാക്കെതിരെ വിജയിക്കുകയും ചെയ്താൽ പാക്കിസ്ഥാനും ബംഗ്ലാദേശും പുറത്താവും. മറുവശത്ത് ഇന്ത്യ സിംബാബ്വേയോട് പരാജയപ്പെടുകയും, പാക്കിസ്ഥാൻ ബംഗ്ലാദേശിനോട് വിജയിക്കുകയും ചെയ്താൽ ഇന്ത്യ സെമിക്ക് പുറത്തേക്കും, പാകിസ്ഥാൻ സെമിയിലേക്ക് എത്തും. ചുരുക്കത്തിൽ പറഞ്ഞാൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ പരാജയപ്പെടുത്താത്ത പക്ഷം ഇന്ത്യയ്ക്ക് സിംബാബ്വെയോട് വിജയിച്ചേ പറ്റൂ. അതിനർത്ഥം ഇന്ത്യ ഇതുവരെ സെമിഫൈനലിൽ എത്തിയിട്ടില്ല എന്ന് തന്നെയാണ്. ഞായറാഴ്ചയാണ് ഗ്രൂപ്പിലെ അവശേഷിക്കുന്ന ഈ മൂന്നു മത്സരങ്ങളും നടക്കുന്നത്.