ഇന്ത്യൻ ക്രിക്കറ്റിന്റെ ഘടന മാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ക്രിക്കറ്ററാണ് വിരാട് കോഹ്ലി. തന്റെ ബാറ്റിംഗ് മികവുകൊണ്ടും മൈതാനത്തെ പ്രസൻസ് കൊണ്ടും മത്സരം ഇന്ത്യയുടെ കൈപ്പിടിയിലെത്തിക്കാൻ കോഹ്ലി അങ്ങേയറ്റം ശ്രമിക്കാറുണ്ട്. 2022 ട്വന്റി20 ലോകകപ്പിൽ കാണുന്നതും കോഹ്ലി എന്ന അതികായന്റെ ഒരു ഷിയർ ക്ലാസാണ്. ഇതുവരെ ഈ ലോകകപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് 220 റൺസാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. ഇതിൽ പുറത്താകാതെ മൂന്ന് അർത്ഥസെഞ്ച്വറികൾ ഉൾപ്പെടുന്നു. 144 ആണ് വിരാടിന്റെ സ്ട്രൈക്ക് റേറ്റ്.
ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിംഗിൽ പരാജയപ്പെട്ടതോഴിച്ചാൽ കോഹ്ലിയുടെ ഒരു വൺമാൻഷോ തന്നെയാണ് ഈ ലോകകപ്പിൽ കണ്ടത്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ അവിസ്മരണീയമായ രീതിയിലായിരുന്നു വിരാട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 53 പന്തുകളിൽ 82 റൺസാണ് കോഹ്ലി നേടിയത്. നെതർലാൻസിനെതിരായ രണ്ടാം മത്സരത്തിലും കോഹ്ലി തന്റെ തകർപ്പൻ ഫോം ആവർത്തിച്ചു. മത്സരത്തിൽ കോഹ്ലി നേടിയത് 44 പന്തുകളിൽ 62 റൺസായിരുന്നു. ഈ രണ്ട് ഇന്നിംഗ്സുകളിലും കണ്ടത് കോഹ്ലിയുടെ ഒരു വിന്റേജ് മോഡ് തന്നെയായിരുന്നു.
താൻ മികച്ച ഫോമിലാണ് എന്നതിനാൽ ക്രീസിൽ എത്തിയ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കാൻ ശ്രമിക്കുന്ന ബാറ്റർമാർക്ക് മുൻപിൽ കോഹ്ലി എന്ന ബാറ്റർ വളരെ വ്യത്യസ്തനാണ്. ലോകകപ്പിൽ ഇതുവരെയുള്ള തന്റെ ഇന്നിംഗ്സുകളിൽ പിച്ച് അസ്സസ്മെന്റിന് വിരാട് വലിയ പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. ക്രീസിലെത്തിയ ശേഷം പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ബോളർമാരുടെ സ്വഭാവം മനസ്സിലാക്കാനും കോഹ്ലി സമയം കണ്ടെത്തുന്നു. ശേഷം അവസാന ഓവറുകളിൽ ഇന്ത്യയുടെ ഹീറോയായി മാറുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഈ പ്രവണത കാണുകയുണ്ടായി.
കണ്ണുംപൂട്ടിയടി എന്നത് ഡെത്ത് ഓവറുകളിൽ പോലും കോഹ്ലി നടത്തുന്നില്ല എന്നതാണ് വസ്തുത. ആ ബാറ്റിൽ നിന്ന് വരുന്ന ഓരോ ബോളുകളും കൃത്യമായ കണക്കുകൂട്ടലുകളുടെ പ്രതിഫലനമാണ്. കൃത്യമായി ഗ്യാപ്പ് കണ്ടെത്തി ഡെഫ്റ്റ് ടച്ചുകളോടെ ബൗണ്ടറി പായിക്കാൻ അവസാന ഓവറുകളിൽ കോഹ്ലിക്ക് സാധിക്കുന്നു. ഇതോടൊപ്പം സിക്സ് ഹിറ്റിങ്ങിന്റെ മനോഹാരിതയും എടുത്തുപറയേണ്ടതാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് വിരാട് കോഹ്ലി എന്ന ക്രിക്കറ്ററുടെ കാലിബർ തന്നെയാണ്. തന്റെ കഴിവുകളിൽ അങ്ങേയറ്റം വിശ്വസിക്കുന്ന, ആത്മവിശ്വാസം കൊണ്ട് താണ്ഡവമാടുന്ന കോഹ്ലി ലോകകപ്പ് ഇന്ത്യയിലെത്തിക്കാൻ സാധിക്കുന്ന കളിക്കാരൻ തന്നെയാണ്.