ഇന്നലെവരെ മോശം ബാറ്റിംഗ് പ്രകടനങ്ങളുടെ പേരിലും ആത്മവിശ്വാസക്കുറവിന്റെ പേരിലും ഒരുപാട് പഴികേട്ട ക്രിക്കറ്ററാണ് കെ എൽ രാഹുൽ. ഇന്ത്യയുടെ സൂപ്പർ 12ലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിന്ന് 22 റൺസ് മാത്രം നേടാനേ രാഹുലിന് സാധിച്ചിരുന്നുള്ളൂ. അതിന്റെ പേരിൽ മുൻ ക്രിക്കറ്റർമാരടക്കം പലരും രാഹുലിനെതിരെ രംഗത്ത് വന്നു. എന്നാൽ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി ഇന്ത്യയുടെ നാലാം മത്സരത്തിൽ രാഹുൽ നൽകിയിരിക്കുന്നു.
ഒരു തകർപ്പൻ റൺഔട്ടിലൂടെയാണ് മത്സരത്തിൽ രാഹുൽ ഇന്ത്യയുടെ രക്ഷകനായത്. ഇന്ത്യ ഉയർത്തിയ 185 എന്ന വിജയലക്ഷത്തിലേക്ക് വമ്പനടികളോടെയാണ് ബംഗ്ലാദേശ് ബാറ്റ് വീശിയത്. ലിറ്റെൻ ദാസ് ഇന്ത്യൻ ബോളർമാരെയെല്ലാം പഞ്ഞിക്കിട്ടു. ഈ അവസരത്തിലാണ് മഴ വന്നെത്തിയത്. ശേഷം ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്തുക അനായാസമായിരുന്നു. ലിറ്റൻ ദാസിന്റെ വിക്കറ്റെടുക്കുക എന്നതുമാത്രമായിരുന്നു മത്സരത്തിൽ വിജയിക്കാൻ ഇന്ത്യയ്ക്കുള്ള ഏക വഴി. ഈ സമയത്തായിരുന്നു കെഎൽ രാഹുലിന്റെ കട്ട ഹീറോയിസം.
മഴയുടെ ഇടവേളക്ക് ശേഷമുള്ള രണ്ടാം പന്തിൽ ബംഗ്ലാദേശ് ബാറ്റർ ഷാന്റോ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് ബോൾ തട്ടിയിട്ടു. ശേഷം രണ്ട് റൺസ് നേടാൻ ശ്രമിച്ചു. എന്നാൽ ബൗണ്ടറി ലൈനിൽ നിന്ന് ഓടിയെത്തിയ രാഹുൽ കൃത്യമായി പന്ത് കൈപ്പിടിയിലോതുക്കുകയും നോൺ സ്ട്രൈക്കർ എൻഡിലേക്ക് ത്രോ എറിയുകയും ചെയ്തു. പന്ത് കൃത്യമായി സ്റ്റമ്പിൽ പതിച്ചു. ഈ സമയത്ത് ലിറ്റൻ ദാസിന് ക്രീസിൽ ബാറ്റ് എത്തിക്കാൻ സാധിച്ചില്ല. ഇങ്ങനെ വമ്പനടിക്കാരനായ ദാസ് കൂടാരം കയറി. മത്സരത്തിലെ വലിയൊരു വഴിത്തിരിവ് തന്നെയായിരുന്നു ദാസിന്റെ ഈ വിക്കറ്റ്. രാഹുലാണ് വിക്കറ്റിന് കാരണമായത്.
മത്സരത്തിൽ ബാറ്റിങ്ങിലും മികച്ച പ്രകടനം തന്നെയായിരുന്നു രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യക്കായി 32 പന്തുകളിൽ 50 റൺസ് രാഹുൽ നേടുകയുണ്ടായി. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടിരുന്നു.
View this post on Instagram