വിമർശനങ്ങൾക്ക് മേൽ രാഹുലിന്റെ താണ്ഡവം!! കോഹ്ലിയുടെ തൂക്കിയടി!! ത്രസിപ്പിക്കുന്ന ഇന്ത്യൻ വിജയഗാഥ

   

ബംഗ്ലാദേശിനെതിരായ സൂപ്പർ പന്ത്രണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ ആറാടിയ മത്സരത്തിൽ സെമി സാധ്യതകൾ ഉറപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ അഞ്ചു റൺസിനായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഈ വിജയത്തോടെ ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈർപ്പമേറിയ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ വട്ടം കറങ്ങുന്നതാണ് മത്സരത്തിന്റെ ആദ്യം കണ്ടത്.

   

തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് പിഴുതെറിയാൻ ബംഗ്ലാദേശിന് സാധിച്ചു. എന്നാൽ പിന്നീട് കണ്ടത് രാഹുലിന്റെ ഒരു അവിസ്മരണീയ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. ഒരുപാട് പഴികട്ട ശേഷം മത്സരത്തിലേക്ക് വന്ന രാഹുൽ ബംഗ്ലാദേശ് ബോളർമാരെ നാലുപാടും അടിച്ചു തൂക്കി. 32 പന്തുകളിൽ 50 റൺസായിരുന്നു രാഹുൽ നേടിയത്. രാഹുലിനു ശേഷമെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ അടിച്ചുതകർത്തു. ഒരു വശത്ത് കോഹ്ലി കൂടെ ഉറച്ചതോടെ ഇന്ത്യയുടെ സ്കോർ ഉയർന്നു. മത്സരത്തിൽ 44 പന്തുകളിൽ 64 റൺസ് നേടിയ കോഹ്ലി പുറത്താവാതെ നിന്നു. മുൻനിരയുടെ ഈ മികച്ച ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 184 റൺസാണ് ഇന്ത്യ നേടിയത്.

   

മറുപടി ബാറ്റിംഗിൽ വമ്പനടികളോടെ തന്നെയായിരുന്നു ബംഗ്ലാദേശ് ഇന്നിങ്സ് ആരംഭിച്ചത്. ഇന്ത്യൻ ഫീൽഡർമാരെ കാഴ്ചക്കാരാക്കി ലിറ്റൻ ദാസ് അടിച്ച് തകർത്തു. മത്സരത്തിൽ 27 പന്തുകളിൽ 60 റൺസായിരുന്നു ദാസ് നേടിയത്. ശേഷം മഴ എത്തിയതോടെ ഇന്ത്യൻ ഡഗൗട്ട് ആശങ്കയിലായി. എന്നാൽ മഴ മാറി നിന്നശേഷം ഇറങ്ങിയത് മറ്റൊരു ഇന്ത്യ തന്നെയായിരുന്നു. ബംഗ്ലാദേശിന്റെ വിക്കറ്റുകൾ നിരന്തരമായി ഇന്ത്യ പിഴുതു. അങ്ങനെ മത്സരത്തിൽ അഞ്ചു റൺസിന് ഇന്ത്യ വിജയം കാണുകയായിരുന്നു.

   

ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനലിലെ സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഇനി ഇന്ത്യയ്ക്ക് സൂപ്പർ പന്ത്രണ്ടിൽ അവശേഷിക്കുന്നത് സിംബാബ്വെയ്ക്കെതിരായ മത്സരം മാത്രമാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഓപ്പണർ കെഎൽ രാഹുൽ കൂടി ഫോമിലേക്ക് എത്തിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ വർദ്ധിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിലും രാഹുൽ മികച്ച ഫോം തുടരുമെന്ന് തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *