ധോണി ലോകത്തെ പഠിപ്പിച്ച ആ മാതൃക മില്ലർ ഉപയോഗിച്ചു!! ഇന്ത്യ പരാജയപെടുകയും ചെയ്തു – അജയ് ജഡേജ

   

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത് ഡേവിഡ് മില്ലറുടെ തകർപ്പൻ ഇന്നിങ്സായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക തകർച്ച നേരിട്ട സമയത്ത് ഡേവിഡ് മില്ലർ പതിയെ ക്രീസിലുറച്ചു. ശേഷം മാക്രത്തോടൊപ്പം ചേർന്ന് മില്ലർ റൺസ് പതിയെ നീക്കി. അങ്ങനെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. മത്സരത്തിൽ 46 പന്തുകളിൽ 59 റൺസായിരുന്നു മില്ലർ നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. ധോണിയുടെതിന് സമാനമായ ഇന്നിങ്സാണ് മില്ലർ ഇന്ത്യക്കെതിരെ കളിച്ചതെന്നും, ഈ സമീപനമാണ് ഇന്ത്യയെ പരാജയത്തിലെത്തിച്ചതേന്നുമാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ പറയുന്നത്.

   

“മില്ലർ ചെയ്തത് എന്താണെന്ന് വെച്ചാൽ അനാവശ്യ ഷോട്ടുകളും മറ്റുമില്ലാതെ മത്സരത്തെ മറ്റൊരു ലെവലിലേക്ക് കൊണ്ടെത്തിച്ചു. അയാൾ വളരെ ശാന്തനായി ക്രീസിൽ നിന്നു. മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കുന്നതിനൊപ്പം, എതിർ ടീം തെറ്റ് ചെയ്യുന്നതിനായി കാത്തുനിന്നു. അതാണ് എംഎസ് ധോണി ഈ ലോകത്തെ പഠിപ്പിച്ച മാതൃക. നമ്മൾ പരാജയപ്പെടാൻ കാരണവും മില്ലറുടെ ധോണി മോഡൽ സമീപനമാണ്.”-ജഡേജ പറയുന്നു.

   

ഇതോടൊപ്പം മത്സരത്തിൽ രോഹിത്തിന്റെ നായകത്വത്തിൽ നേരിട്ട ചില അപാകതകളെകുറിച്ചും ജഡേജ പറയുകയുണ്ടായി. “രോഹിത് ശർമ്മയ്ക്ക് മത്സരത്തിൽ തന്റെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ സാധിച്ചില്ല. തുടക്കത്തിൽ അർഷദീപിനെ കൊണ്ട് രോഹിത് മൂന്ന് ഓവർ എറിയിക്കേണ്ടിയിരുന്നു. എന്നാൽ അവസാന ഓവറുകളിലേക്ക് രോഹിത് അർഷദീപിന്റെ 2 ഓവറുകൾ മാറ്റിവെച്ചു. അത്ര മികച്ച നായകത്വമായിരുന്നില്ല മത്സരത്തിലെത്”- ജഡേജ പറഞ്ഞു.

   

ദക്ഷിണാഫ്രിക്കയോട് പരാജയം ഏറ്റുവാങ്ങിയതിനാൽ തന്നെ ലോകകപ്പിൽ ഇന്ത്യയ്ക്ക് വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാണ്. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശേഷം ഇന്ത്യ സിംബാബ്വെയെ നേരിടും. ഈ രണ്ടു മത്സരങ്ങളിലും വിജയം കണ്ടാൽ ഇന്ത്യക്ക് സെമിഫൈനലിൽ സ്ഥാനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *