ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് വിക്കറ്റ് പരാജയം പല മുൻ ക്രിക്കറ്റർമാരെയും ചോടിപ്പിച്ചിട്ടുണ്ട്. ബാറ്റിംഗിലെ മോശം പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായത്. ഒപ്പം ചില മോശം തീരുമാനങ്ങളും. മത്സരത്തിൽ ഇന്ത്യ പ്ലെയിങ് ഇലവനിൽ വരുത്തിയ ഒരു മാറ്റം ശ്രദ്ധേയമായിരുന്നു. ഇന്ത്യ അക്ഷർ പട്ടേലിന് പകരം ദീപക് ഹൂഡയെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ ഈ തീരുമാനം തീർത്തും തെറ്റായിരുന്നു എന്നാണ് മത്സരത്തിൽ നിന്ന് വ്യക്തമായത്. ഇതോടൊപ്പം ചില ബോളിംഗ് മാറ്റങ്ങളും ഇന്ത്യയുടെ പരാജയത്തിൽ കാരണമായി. ഇക്കാരണങ്ങൾ കൊണ്ട് രോഹിത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻപാക്ക് താരം ഡാനിഷ് കനേറിയ.
ഇന്ത്യ വരുത്തിയ മാറ്റങ്ങൾ ഇന്ത്യയ്ക്ക് മത്സരത്തിൽ വിനയായി എന്നാണ് കനേറിയ പറയുന്നത്.”രോഹിത് മൈതാനത്ത് ചെയ്ത പല കാര്യങ്ങളും എനിക്ക് പിടികിട്ടുന്നില്ല. പല തന്ത്രങ്ങളും അടിസ്ഥാനരഹിതമായിരുന്നു. അശ്വിനെ രോഹിത് ടീമിൽ ഉൾപ്പെടുത്താനേ പാടില്ലായിരുന്നു. രോഹിത് മനസ്സിലാക്കേണ്ട കാര്യം ഇതാണ്. ഇത് മുംബൈ ഇന്ത്യൻസ് ടീമല്ല. ഇന്ത്യൻ ടീമാണ്. അത് ചിന്തയിൽ വേണം. “- ഡാനിഷ് കനേറിയ പറഞ്ഞു.
ഇതോടൊപ്പം ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ പ്രശ്നങ്ങളും കനേറിയ ചൂണ്ടിക്കാട്ടുകയുണ്ടായി. “ടീം മുഴുവനായും ബുദ്ധിമുട്ടുന്നതാണ് കണ്ടത്. സൂര്യകുമാർ മാത്രം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രോഹിത് തുടക്കത്തിൽ റൺസ് നേടിയില്ല.രാഹുലിന്റെ കാര്യവും അതുതന്നെ. കുറച്ചധികം നാളുകളായി രാഹുൽ റൺസ് നേടിയിട്ട്. ഇനിയെങ്കിലും റൺസ് നേടാനായില്ലെങ്കിൽ രാഹുലിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാകും.”- കനേറിയ പറയുന്നു.
മത്സരത്തിലെ ടീം മാറ്റത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഹൂഡയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടും ഒരു ഓവർ പോലും ബോൾ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ റിഷഭ് പന്തായിരുന്നു ഉത്തമമെന്നും അഭിപ്രായങ്ങൾ വരുന്നു.