ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കണ്ടത് ബാറ്റിംഗ് നിരയുടെ പരാജയം തന്നെയായിരുന്നു. പെർത്തിലെ ബൗൺസും സ്വിങ്ങും ലഭിക്കുന്ന പിച്ചിൽ ഇന്ത്യയുടെ ബാറ്റിംഗ് തീർത്തും പരാജയപ്പെട്ടു. മത്സരത്തിന്റെ ഒരു സമയത്ത് ഇന്ത്യ 49ന് 5 എന്ന നിലയിൽ തകർന്നിരുന്നു. ശേഷം സൂര്യകുമാർ യാദവിന്റ ഇന്നിങ്സാണ് ഇന്ത്യക്ക് അല്പം ആശ്വാസമായി മാറിയത്. ബാറ്റിംഗിൽ ഇന്ത്യക്കു കുറച്ചധികം ക്ഷമ കാണിക്കേണ്ടിയിരുന്നു എന്നാണ് മുൻ ക്രിക്കറ്റർ ഷൊഐബ് അക്തർ പറയുന്നത്.
ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ പ്രയോഗിച്ച ബാറ്റിംഗ് തന്ത്രങ്ങൾ കൃത്യമായിരുന്നില്ല എന്നാണ് അക്തർ പറഞ്ഞത്. “നിലവാരമുള്ള ബോളിഗ് നിരയുടെ മുൻപിൽ ഉപഭൂഖണ്ഡത്തിലെ ടീമുകളുടെ പ്രകടനം തുറന്നുകാട്ടുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇങ്ങനെയുള്ള പിച്ചുകളിൽ കാര്യങ്ങൾ അനായാസമല്ല. പക്ഷേ ഇന്ത്യ നിരാശപ്പെടുത്തി. ബാറ്റർമാർ കുറച്ചുകൂടി ക്ഷമ പുലർത്തേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഈ പിച്ചിൽ 150 എന്നത് ഒരു വിജയിക്കാനാവുന്ന സ്കോറായിരുന്നു.”- അക്തർ പറഞ്ഞു.
ഇതോടൊപ്പം ടൂർണമെന്റിൽ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക എന്നും അക്തർ പറഞ്ഞു. “ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റുമാണ് ഇതുവരെയുള്ള മത്സരങ്ങളിൽ അർഹരായി തോന്നിയിട്ടുള്ളത്. മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് ഈ കപ്പ് ആവശ്യമാണ്. അവരുടെ ബോർഡുമായുള്ള പ്രശ്നങ്ങൾക്കിടയിലും മാർക്ക് ബൗച്ചറും ഗ്രയിം സ്മിത്തും നന്നായി വർക്ക് ചെയ്യുന്നുണ്ട്.”- അക്തർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ബോളിഗ് നിര തന്നെയാണ് ടൂർണമെന്റിൽ അവരുടെ ശക്തി. ഓസ്ട്രേലിയയിലെ പിച്ചുകളുടെ ബൗൺസും സിംഗും നന്നായി ഉപയോഗിക്കാൻ ദക്ഷിണാഫ്രിക്കൻ സീം ബോളർമാർക്ക് അനായാസം സാധിക്കുന്നുണ്ട്.