വളരെ പ്രതീക്ഷകളോടെ തന്നെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 12 മത്സരത്തിന് ഇറങ്ങിയത്. എന്നാൽ എല്ലാം ഊതിക്കെടുത്തിയ പ്രതിതിയായിരുന്നു മത്സരത്തിന്റെ തുടക്കം മുതൽ ലഭിച്ചത്. രോഹിത്തും രാഹുലും ആദ്യമേ കൂടാരം കയറിയതും, വിരാട് കോഹ്ലിക്ക് പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതും ഇന്ത്യയെ ബാധിച്ചു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 133 റൺസ് മാത്രം നേടാനെ ഇന്ത്യക്ക് സാധിച്ചിരുന്നുള്ളൂ. ഇത് ഇന്ത്യയെ സംബന്ധിച്ച് മതിയായ ഒരു സ്കോറായിരുന്നില്ല എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സേവാഗ് പറഞ്ഞത്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സേവാഗ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കൻ ടീമിന് ആശംസകൾ അറിയിച്ചു തുടങ്ങിയ ട്വീറ്റിൽ ഇന്ത്യ ലോകകപ്പ് എടുക്കുമെന്നും സേവാഗ് പറയുകയുണ്ടായി. 2011ലെ 50 ഓവർ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ശേഷമായിരുന്നു ജേതാക്കളായത്. അത് വീണ്ടും ആവർത്തിക്കുമെന്നാണ് പറയുന്നത്.
“ദക്ഷിണാഫ്രിക്കയ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യ മത്സരത്തിൽ നന്നായി തന്നെ പൊരുതി. എന്നിരുന്നാലും 133 എന്നത് മതിയായ സ്കോർ ആയിരുന്നില്ല. 2011ലെ 50 ഓവർ ലോകകപ്പിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. ശേഷം എല്ലാ മത്സരങ്ങളും ജയിച്ച് ജേതാക്കളായി. അതുതന്നെ ആവർത്തിക്കട്ടെ.”- സേവാഗ് തന്റെ ടീറ്റിൽ കുറിച്ചു.
നിലവിൽ പരാജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ബംഗ്ലാദേശിനോടും സിംബാബവേയോടുമാണ് ഇന്ത്യക്ക് സൂപ്പർ പന്ത്രണ്ടിൽ ഇനി മത്സരങ്ങളുള്ളത്. ഈ മത്സരങ്ങളിൽ വിജയം നേടി സെമിയിലെത്താനാവും ഇന്ത്യ ശ്രമിക്കുന്നത്. ഈ പരാജയം ഇന്ത്യയെക്കാൾ ബാധിച്ചിരിക്കുന്നത് പാകിസ്താനെയാണ് എന്നതാണ് വസ്തുത.