സൂപ്പർ 12ലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് ദക്ഷിണാഫ്രിക്ക വിജയം കണ്ടത്. എയ്ഡൻ മാക്രത്തിന്റെയും ഡേവിഡ് മില്ലറുടെയും കിടിലൻ ഇന്നിങ്സുകളും ലുങ്കി എങ്കിടിയുടെ തകർപ്പൻ ബോളിഗുമായിരുന്നു ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പേർത്ത് പിച്ച് തന്റെ സ്വഭാവം പുറത്തുകാട്ടി. ദക്ഷിണാഫ്രിക്കയുടെ മൂൻനിര ബോളർമാർക്കും പിച്ചിൽ നിന്ന് ഒരുപാട് സഹായങ്ങൾ ലഭിക്കുകയുണ്ടായി. ഇന്ത്യൻ ബാറ്റർമാർ പെർത്തിൽ നട്ടംതിരിയുന്നത് തന്നെയാണ് കണ്ടത്. ലുങ്കി എങ്കിടിയായിരുന്നു ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്. എന്നാൽ അതിനുശേഷം സൂര്യകുമാർ യാദവ് അടിച്ചു തകർത്തു. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി നഷ്ടമായപ്പോഴും സൂര്യ തന്റേതായ ഷോട്ടുകൾ കളിച്ചു. മത്സരത്തിൽ 40 പന്തുകളിൽ 68 റൺസ് ആണ് സൂര്യകുമാർ യാദവ് നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും മൂന്നു സിസ്റ്ററുകളും ഉൾപ്പെട്ടു. ഈ ഇന്നിങ്സിന്റെ മികവിലായിരുന്നു ഇന്ത്യ 133 എന്ന സ്കോറിലെത്തിയത്.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ കയ്യിലേക്ക് മത്സരം വിട്ടു നൽകാൻ ഇന്ത്യൻ ബോളർമാർ തയ്യാറായിരുന്നില്ല. അപകടകാരിയെ ഡികോക്കിനെയും റൈലി റോസോയെയും അർഷദീപ് സിംഗ് തുടക്കത്തിലെ കൂടാരം കയറ്റി. പിന്നീട് കുറച്ചുസമയം ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കണ്ടത് സിംഗിങ് ബോളുകളുടെ ഒരു ആറാട്ട് തന്നെയായിരുന്നു. എന്നാൽ ബോളിന് സിംഗ് കുറഞ്ഞ സമയം മുതൽ മാക്രവും മില്ലറും അടിച്ചു തകർക്കാൻ തുടങ്ങി. മാക്രം മത്സരത്തിൽ 41 പന്തുകളിൽ 52 റൺസാണ് നേടിയത്. മാക്രം പുറത്തായതിനുശേഷം ആക്രമണം പൂർണമായും മില്ലർ ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിൽ പുറത്താവാതെ മില്ലർ 46 പന്തുകളിൽ 59 റൺസ് നേടി. അഞ്ച് വിക്കറ്റുകൾക്കായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഇനി ബംഗ്ലാദേശ്, സിംബാബ്വെ എന്നീ ടീമുകളെയാണ് ഇന്ത്യ നേരിടാനുള്ളത്. ഈ മത്സരങ്ങളിൽ ഉജ്വല വിജയം നേടി സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യയുടെ ഈ പരാജയം പാക്കിസ്ഥാന്റെ സെമി സാധ്യതയെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.