എല്ലാ ഇന്ത്യൻ ബാറ്റർമാരും തലകുനിച്ചു മടങ്ങിയ സാഹചര്യത്തിൽ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടം. ദക്ഷിണാഫ്രിക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ കണ്ടത് ഇന്ത്യക്കായി അവസാനശ്വാസം വരെ പോരാടാൻ തയ്യാറായ സൂര്യകുമാർ യാദവ് എന്ന പോരാളിയായിരുന്നു. പേർത്തിലെ ബൗൺസും, സീമിനെ അനുകൂലിക്കുന്ന സാഹചര്യങ്ങളും കണ്ടുഞെട്ടിയ ഇന്ത്യൻ മുൻനിരയിൽ സൂര്യകുമാർ യാദവ് മാത്രമാണ് പിടിച്ചുനിന്നത്. വളരെയധികം പ്രശംസയർഹിക്കുന്ന ഒരിന്നിങ്സായിരുന്നു സൂര്യകുമാർ യാദവിന്റത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പെർത്തിൽ ലഭിക്കുന്ന ബൗൺസിനെ സംബന്ധിച്ച് പൂർണമായ ബോധ്യമുണ്ടായിരുന്നിട്ടു പോലും ഇന്ത്യൻ ഓപ്പണർമാർക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയുടെ വെടിയുണ്ട ബോളർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര കടപുഴകി വീണു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകൾ പിഴുതു. ശേഷമായിരുന്നു സൂര്യകുമാർ യാദവ് ക്രീസിലെത്തിയത്. ബാറ്റിംഗിന് തീർത്തും പ്രതികൂലമായിരുന്ന സാഹചര്യമായിരുന്നിട്ടും സൂര്യകുമാർ തന്റെ ഷോട്ടുകൾ കളിക്കുന്നതിൽ മടി കാട്ടിയില്ല.
മറുവശത്ത് വിക്കറ്റുകൾ ഘോഷയാത്രപോലെ നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോഴും സൂര്യ ക്രീസിൽ തുടർന്നു. ഇന്ത്യക്കായി മത്സരത്തിൽ 40 പന്തുകളിൽ 68 റൺസാണ് സൂര്യകുമാര് യാദവ് പൊരുതി നേടിയത്. ഇന്നിംഗ്സിൽ ആറു ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. 170 ആണ് സൂര്യയുടെ ഇന്നിംഗ്സിലെ സ്ട്രൈക്ക് റേറ്റ്. ഇതിന്റെ അടുത്ത് പോലും എത്താൻ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും സാധിച്ചില്ല എന്നതാണ് വസ്തുത.
ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ മത്സരത്തിൽ നേടിയത് 133 റൺസ് ആണ്. ഇതിൽ പാതിയിലേറെ നേടിയത് സൂര്യകുമാറും. മത്സരഫലം എന്തായാലും സൂര്യയുടെ ഈ ഇന്നിങ്സിനെ പ്രശംസിക്കാതിരിക്കാനാവില്ല. ഊർജ്ജവം കാട്ടാൻ മറന്ന മറ്റു ബാറ്റർമാർ കണ്ടുപിടിക്കേണ്ട പല ഘടകങ്ങളും സൂര്യയിലുണ്ട്.