ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും കാണാനായത് തുടക്കത്തിൽ ആക്രമിക്കുന്ന ബാറ്റിംഗ് സമീപനമായിരുന്നില്ല. രണ്ടു മത്സരങ്ങളിലും കൃത്യമായി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ഇന്ത്യൻ ബാറ്റർമാർ കളിച്ചിരുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിലെ വിരാട് കോഹ്ലിയുടെ ഇന്നിങ്സിന്റെ തുടക്കം ഇതിനുദാഹരണമാണ്. നെതർലാസിനെതിരെയും ആദ്യ പത്ത് ഓവറുകളിൽ സൂക്ഷ്മതയോടെ ബാറ്റ് വീശുന്ന ഇന്ത്യയെയാണ് കാണാനായത്. ഇതിനുള്ള പ്രധാന കാരണം ഓസ്ട്രേലിയയിലെ പിച്ചുകളുടെ സാഹചര്യം തന്നെയാണ്. ഓസ്ട്രേലിയൻ പിച്ചകൾ തുടർച്ചയായി 200 റൺസ് നേടാൻ പാകത്തിനുള്ളതല്ല എന്നാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
“ഈ പിച്ചുകളൊന്നും 200 റൺസ് നേടാൻ സൗകര്യപ്രദമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽതന്നെ നാം സംയമനം കാട്ടേണ്ടി വരും. ഇതുവരെ നമ്മൾ ഇങ്ങനെ സംയമനപൂർവ്വം കളിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. കൃത്യമായ ലക്ഷ്യമാണ് പ്രധാനം. പക്ഷേ ഈ സമയങ്ങളിൽ പിച്ചിന്റെ സാഹചര്യങ്ങളും വിലയിരുത്താൻ ശ്രമിക്കണം. അത് അത്യാവശ്യമാണ്.”- വിക്രം റാത്തോർ പറയുന്നു.
ഏഷ്യാകപ്പിന് ശേഷമുള്ള വിരാട് കോഹ്ലിയുടെ ബാറ്റിംഗ് സമീപനത്തിലെ മാറ്റങ്ങളെകുറിച്ചും വിക്രം റാത്തോർ പറയുകയുണ്ടായി. “അതൊരു ബോധപൂർവ്വമായ സമീപനമാറ്റമല്ല. കണ്ടീഷനും സാഹചര്യങ്ങളുമൊക്കെ നോക്കിയാണ് വിരാട് കളിക്കുന്നത്. മത്സരത്തിന്റെ സാഹചര്യത്തിനൊത്ത് തന്റെ സമീപനം മാറ്റാൻ കഴിവുള്ള ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ഇതുവരെ നന്നായി കോഹ്ലി അത് ചെയ്തിട്ടുമുണ്ട്.”- വിക്രം റാത്തോർ കൂട്ടിച്ചേർക്കുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ തന്റെ ആദ്യ 28 പന്തുകളിൽ 25 റൺസ് മാത്രമായിരുന്നു വിരാട് കോഹ്ലി നേടിയത്. ശേഷം അടുത്ത 25 പന്തുകളിൽ 57 റൺസും നേടുകയുണ്ടായി. കൃത്യമായി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയായിരുന്നു കോഹ്ലി ആ ഇന്നിങ്സ് കളിച്ചത്.