നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലും ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ 82 റൺസും നെതർലാൻസിനെതിരെ 62 റൺസും വിരാട് കോഹ്ലി നേടുകയുണ്ടായി. ഇതിനുശേഷം പലരും വിരാടിനെ പല ബാറ്റർമാറുമായി താരതമ്യം ചെയ്യുകയുമുണ്ടായി. എന്നാൽ വിരാടിനോട് താരതമ്യം ചെയ്യാൻ പറ്റുന്ന മറ്റൊരു ബാറ്റർ ലോകക്രിക്കറ്റിൽ ഇല്ല എന്നാണ് പാകിസ്ഥാന്റെ മുൻ പേസർ മുഹമ്മദ് ആമിർ പറയുന്നത്.
ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയാണെന്ന് സമ്മതിക്കുകയാണ് മുഹമ്മദ് ആമിർ. “ഞാൻ ഒരുപാട് അഭിമുഖങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് വിരാട് കോഹ്ലി എന്റെ പ്രിയ കളിക്കാരനാവുന്നത്? അയാൾ ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്ററായതിനാൽ തന്നെ. മറ്റാരുമായും വിരാടിനെ താരതമ്യം ചെയ്യാൻ സാധിക്കില്ല. കാരണം ഞാൻ അയാൾക്കെതിരെ ബോൾ ചെയ്തിട്ടുണ്ട്.
അയാളുടെ ബാറ്റിംഗ് രീതിയും, മാനസികാവസ്ഥയും, സമ്മർദ്ദത്തെ നേരിടുന്ന രീതിയുമൊക്കെ എനിക്ക് നന്നായി അറിയാം. അയാളെപ്പോലെ സമ്മർദം അതിജീവിക്കാനാവുന്ന മറ്റൊരു ക്രിക്കറ്റർ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”- മുഹമ്മദ് അമീർ പറയുന്നു. “ജനങ്ങൾ വിരാടിനെ മറ്റ് ബാറ്റർമാരുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ വിരാടിനെ താരതമ്യം ചെയ്യാനാവുന്ന മറ്റൊരാളില്ല.
പാക്കിസ്ഥാനെതിരെ അയാൾ കളിച്ചത് ഒരു ഉഗ്രൻ ഇന്നിംഗ്സ് തന്നെയായിരുന്നു. ചില സമയങ്ങളിൽ അയാൾ ഫോമിലല്ല എന്ന് ചിലർ പറയുന്നു. എന്നാൽ വലിയ കളിക്കാർ വലിയ സമ്മർദ്ദസാഹചര്യങ്ങളിൽ തങ്ങളുടെ ഫോം പുറത്തെടുക്കാറാണ് പതിവ്.”- അമീർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ സൂപ്പർ 12ലെ രണ്ടു മത്സരങ്ങളിലും വിരാട് കോഹ്ലി അർഥസെഞ്ച്വറി നേടിയിരുന്നു. വരുന്ന മത്സരങ്ങളിലും ഈ തകർപ്പൻ ഫോം തുടരാൻ തന്നെയാവും വിരാട് ശ്രമിക്കുന്നത്.