ഇന്ത്യയുടെ സൂപ്പർ 12ലെ വളരെയധികം നിർണായകമായ മത്സരമാണ് നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്നത്. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ മത്സരത്തിൽ പരാജയപ്പെടുത്താനായാൽ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനൽ കാണും എന്നത് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയയുടെ ശക്തി പരിശോധിക്കുകയാണ് മുൻ ന്യൂസിലാൻഡ് പേസർ ഡാനി മോറിസൺ. ഇന്ത്യയുടെ ആദ്യ നാല് ബാറ്റർമാർ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വളരെയധികം നിർണായക ഘടകമാകും എന്നാണ് മോറിസൺ പറയുന്നത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വമ്പൻ വിജയവുമായി വരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിക്കാൻ ഇന്ത്യൻ മുൻനിര കരുത്ത് കാട്ടേണ്ടി വരും എന്ന് മോറിസൺ പറയുന്നു. “ഇന്ത്യയെ സംബന്ധിച്ച് ആദ്യ നാല് ബാറ്റർമാർ സ്കോറിന്റെ നല്ലൊരു ശതമാനം നേടേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ ഇത് ദിനേശ് കാർത്തിക്കിന് ഫിനിഷ് ചെയ്യാനും, ഹർദിക് പാണ്ട്യക്ക് വമ്പനടികൾ നടത്താനും അവസരം നൽകും. അല്ലെങ്കിൽ തന്നെ മികച്ച ഒരു പ്ലാറ്റ്ഫോമുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്.”- ഡാനി മോറിസൻ പറയുന്നു.
“രാഹുൽ ക്രീസിൽ കൂടുതൽ സമയം കണ്ടെത്തുമെന്ന് തന്നെയാണ് ഒരുപാട് പേരുടെ പ്രതീക്ഷ. രോഹിത് ശർമയും നന്നായി കളിക്കും. രോഹിത്തിന് സാധിച്ചില്ലെങ്കിൽ വിരാട്ടാണ് അടുത്ത പ്രതീക്ഷ. വിരാട്ടിന് സാധിച്ചില്ലെങ്കിൽ തന്നെ സൂര്യകുമാർ യാദവിൽ തീർച്ചയായും ഇന്ത്യയ്ക്ക് വളരെയേറെ പ്രതീക്ഷയുണ്ട്.”- മോറിസൺ കൂട്ടിച്ചേർത്തു.
ആദ്യ രണ്ടു മത്സരങ്ങളിലും 82*, 62* എന്നിങ്ങനെയായിരുന്നു കോഹ്ലി നേടിയത്. നെതർലൻസിനെതിരെ രോഹിത്തും സൂര്യകുമാറും അർദ്ധസെഞ്ച്വറി നേടുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഇരുമത്സരങ്ങളിലും രാഹുൽ ഒറ്റയക്കത്തിന് കൂടാരം കയറിയത് ഇന്ത്യയ്ക്ക് നിരാശയുണ്ടാക്കുന്നു.