2021 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെതിനേക്കാൾ മോശമായ അവസ്ഥയിലാണ് പാകിസ്ഥാൻ ടീം 2022 ലോകകപ്പിൽ നിൽക്കുന്നത്. അന്ന് ഇന്ത്യ പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും പരാജയപ്പെട്ട് സെമി കാണാതെ പുറത്തായിരുന്നു. ഇന്ന് പാകിസ്ഥാൻ ഇന്ത്യയോടും സിംബാബ്വേയോടും പരാജയപ്പെട്ട് പുറത്താകലിന്റെ വക്കിലാണുള്ളത്. മോശം ബാറ്റിംഗ് തന്നെയായിരുന്നു സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാൻ പരാജയപ്പെടാനുള്ള പ്രധാനകാരണം. എങ്ങനെ ഇന്നിംഗ്സ് പേസ് ചെയ്യണമെന്നും, ഷോട്ട് മേക്കിങ് സംബന്ധിച്ചും പാക്കിസ്ഥാൻ ബാറ്റർമാർക്ക് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ പാകിസ്ഥാൻ ബാറ്റർമാർ വിരാട് കോഹ്ലിയെ കണ്ടുപഠിക്കണമെന്നാണ് മുൻ പാക് താരം സൽമാൻ ബട്ട് പറയുന്നത്.
പാക്കിസ്ഥാൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ബട്ട് ഇക്കാര്യം അറിയിച്ചത്. “നിങ്ങൾക്ക് വലിയ കഴിവുള്ള ബാറ്ററെ കാണണമെങ്കിൽ വിരാട് കോഹ്ലിയെ നോക്കൂ. നെതർലൻസിനെതിരായ മത്സരത്തിലും വിരാട് പുറത്താവാതെ നിന്നു. മത്സരത്തിൽ കവറിനു മുകളിലൂടെ കോഹ്ലി നേടിയ സിക്സർ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ഷോട്ടാണ്.”- സൽമാൻ പറയുന്നു.
ഒപ്പം പല കാര്യങ്ങളിലും പാക് ബാറ്റർമാർ വിരാടിനെ കണ്ടുപഠിക്കണമെന്നും ബട്ട് പറയുന്നു. “വിരാടിന്റെ ഷോട്ട് മേക്കിങ്ങിലെ നിലവാരവും ഫിറ്റ്നസും പാക്കിസ്ഥാൻ കളിക്കാർ കണ്ടുപഠിക്കേണ്ടതാണ്. മികച്ച ഫോമിലാണ് കോഹ്ലിയുള്ളത്. പക്ഷേ അയാൾ ആദ്യ ബോൾ മുതൽ അടിച്ചുതൂക്കാൻ ശ്രമിക്കാറില്ല. അയാൾ ക്രീസിൽ ആവശ്യമായ സമയം ചെലവഴിക്കുന്നു. ഒപ്പം രോഹിത്തിന് അടിച്ചുതകർക്കാൻ അവസരങ്ങൾ നൽകുന്നു. “- ബട്ട് കൂട്ടിച്ചേർക്കുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ 82 റൺസായിരുന്നു വിരാട് കോഹ്ലി നേടിയത്. നെതർലാൻസിനെതിരെ 44 പന്തുകളിൽ 62 റൺസ് നേടി ഇന്ത്യൻ നിരയിലെ ടോപ് സ്കോററായും വിരാട് കോഹ്ലി മാറി.