കുറച്ചധികം വർഷങ്ങളായി ഇന്ത്യയുടെ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോഹ്ലി. ടീമിനായി സ്ഥിരതപുലർത്തുന്ന കോഹ്ലി ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഇന്ത്യയുടെ സൂപ്പർ പന്ത്രണ്ടിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 53 പന്തുകളിൽ 82 റൺസ് നേടിയ കോഹ്ലി ഇന്ത്യയെ അവിശ്വസനീയമായി വിജയത്തിൽ എത്തിച്ചിരുന്നു. ഇതിനുശേഷം വിരാട് കോഹ്ലിയെ പലരും എക്കാലത്തെയും മികച്ച ക്രിക്കറ്റർ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ അങ്ങനെ വിശേഷിപ്പിക്കപ്പെടാൻ താൻ യോഗ്യനല്ല എന്നാണ് വിരാട് കോഹ്ലി പറയുന്നത്.
2008ൽ ഇന്ത്യൻ ടീമിനായി തന്റെ കരിയർ ആരംഭിച്ച കോഹ്ലി ഇന്ത്യക്കായി മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലി ഇത്തരമൊരു വിളിപ്പേര് കേട്ടത്. എന്നാൽ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരായി താൻ രണ്ടുപേരെ കണ്ടിട്ടുള്ളൂവെന്ന് കോഹ്ലി പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സുമാണ് കോഹ്ലിയെ സംബന്ധിച്ച് എക്കാലത്തെയും മികച്ച ക്രിക്കറ്റർമാർ.
“ഇല്ല. ഞാൻ എന്നെ എക്കാലത്തെയും മികച്ച ക്രിക്കറ്ററായി കാണുന്നില്ല. എന്നെ സംബന്ധിച്ച് രണ്ടുപേർക്ക് മാത്രമാണ് ആ സ്ഥാനത്തിന് യോഗ്യത. ഒന്ന് സച്ചിൻ ടെണ്ടുൽക്കറും മറ്റേത് വിവിയൻ റിച്ചാർഡ്സും.”- സ്റ്റാർ സ്പോർട്സിന് നൽകി അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു.
കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറും അഞ്ചുവർഷം ഒരുമിച്ചു കളിച്ചിരുന്നു. മാത്രമല്ല ഇരുവരും ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിജയ ടീമിലെ അംഗങ്ങളുമായിരുന്നു. വിവ് റീചാർഡ്‌സും വിൻഡിസിനായി ക്രിക്കറ്റിന്റെ സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ച ഒരു ക്രിക്കറ്ററാണ്. ഇരുവരും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.