ഇന്ത്യയുടെ നെതർലാൻസിനെതിരായ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ മുൻനിര ബാറ്റർമാർ കാഴ്ചവച്ചത്. ഇതിൽ എടുത്തുപറയേണ്ട പ്രകടനങ്ങൾ നടത്തിയത് വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും തന്നെയായിരുന്നു. മത്സരത്തിന്റെ നിർണായക സമയത്ത് കൂട്ടുകെട്ട് ആരംഭിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 95 റൺsaണ് ഇന്ത്യക്കായി കൂട്ടിച്ചേർത്തത്. ഇരുവരുടെയും കൂട്ടുകെട്ടിന്റെ ബലത്തിലായിരുന്നു ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 179 എന്ന സ്കോറിൽ എത്തിയത്. മത്സരശേഷം തന്റെ ഇന്നിങ്സിനെപറ്റിയും കോഹ്ലിയോടൊപ്പമുള്ള കൂട്ടുകെട്ടിനെപറ്റിയും സൂര്യകുമാർ സംസാരിക്കുകയുണ്ടായി.
“ഞാൻ എന്റേതായ രീതിയിൽ ബാറ്റ് ചെയ്യാനാണ് മത്സരത്തിൽ ശ്രമിച്ചത്. സാഹചര്യം വളരെ ലളിതമായിരുന്നു. ആ സമയത്ത് സ്കോറിംഗ് ഉയർത്തുന്നതിലാണ് ഞാൻ ശ്രദ്ധിച്ചത്. ആ സമയത്ത് സന്ദേശം വളരെ വ്യക്തമായിരുന്നു. ഓവറിൽ എട്ടോ പത്തോ റൺസ് നേടുക. അങ്ങനെ ഞങ്ങളുടെ ബോളർമാർക്ക് പ്രതിരോധിക്കാനാവുന്ന സ്കോറിലേക്ക് ടീമിനെ എത്തിക്കുക. ഞങ്ങൾ അതിൽ ശ്രദ്ധിച്ചു.”- സൂര്യകുമാർ പറഞ്ഞു.
“കാര്യങ്ങൾ നന്നായി നടന്നതിൽ അതിയായ സന്തോഷമുണ്ട്. കോഹ്ലിയോടൊപ്പമുള്ള ബാറ്റിംഗ് നന്നായി ആസ്വദിച്ചു. ഞങ്ങൾ രണ്ടുപേരും ബാറ്റ് ചെയ്തപ്പോൾ ആലോചനകൾ വളരെ വ്യക്തമായിരുന്നു. എനിക്ക് തുടക്കത്തിൽ കുറച്ച് ബൗണ്ടറികൾ നേടാനായാൽ കൂട്ടുകെട്ട് ഉയർത്താൻ സഹായകരമാകും എന്ന് കരുതിയിരുന്നു. അതാണ് ചെയ്തതും. ഞങ്ങൾ ക്രീസിൽ തുടരുമ്പോൾ പരസ്പരം ബഹുമാനത്തോടെ തന്നെയാണ് കളിക്കുന്നത്. ഞങ്ങൾ പരസ്പരം ആസ്വദിക്കുന്നു. കഴിയുന്നത്ര റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നു.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ആദ്യ 10 ഓവറുകളിൽ വളരെ മെല്ലെയായിരുന്നു ഇന്ത്യ കളിച്ചത്. എന്നാൽ സൂര്യകുമാർ യാദവ് കോഹ്ലിയ്‌ക്കൊപ്പം ചേർന്നതോടെ മത്സരത്തിന്റെ ആകെ മട്ടു മാറുകയായിരുന്നു. ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്ക് ഇരുവരും വഹിച്ചു.
View this post on Instagram