ഇന്ത്യയുടെ നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് തന്നെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കാഴ്ച വച്ചത്. പാക്കിസ്ഥാനിതിരായ ആദ്യ മത്സരത്തിൽ വെറും നാല് റൺസിന് പുറത്തായ രോഹിത്തിന്റെ ഒരു തിരിച്ചുവരവാണ് കണ്ടത്. ആദ്യസമയത്ത് പിച്ചിന്റെ സ്ലോനസ് മൂലം പതിയെയായിരുന്നു രോഹിത് തുടങ്ങിയത്. പിന്നീട് കിട്ടിയ അവസരങ്ങളിലൊക്കെയും ബോൾ ബൗണ്ടറി കടത്താൻ രോഹിത്തിന് സാധിച്ചു. മത്സരത്തിൽ 39 പന്തുകളിൽ 53 റൺസായിരുന്നു രോഹിത് നേടിയത്. എന്നാൽ മത്സരശേഷം ഈ ഇന്നിങ്സിൽ താൻ സന്തുഷ്ടമല്ല എന്നായിരുന്നു രോഹിത് പറഞ്ഞത്.
മത്സരത്തിലെ വിജയത്തെക്കുറിച്ച് രോഹിത് പറഞ്ഞത് ഇങ്ങനെയായിരുന്നു. “എനിക്ക് തോന്നുന്നു ഇതൊരു മികച്ച വിജയം തന്നെയാണെന്ന്. നെതർലാൻഡ്സ് ടീം മികച്ച പ്രകടനങ്ങളിലൂടെയാണ് സൂപ്പർ 12 ലേക്ക് യോഗ്യത നേടിയത്. ഞങ്ങൾ എതിരാളികളെ പറ്റി ചിന്തിക്കാതെ ഞങ്ങളുടേതായ രീതിയിൽ മത്സരം ജയിക്കാനാണ് ശ്രമിച്ചത്. സത്യസന്ധമായി പറഞ്ഞാൽ ഇത് എല്ലാംകൊണ്ടും ഉത്തമമായ ഒരു വിജയം തന്നെയാണ്.”- രോഹിത് പറഞ്ഞു.
ഇതോടൊപ്പം ഇന്നിങ്സിന്റെ തുടക്കത്തിലെ മെല്ലെപ്പോക്കിനെകുറിച്ചും രോഹിത് പറയുകയുണ്ടായി. ” പിച്ച് വ്യത്യസ്തമായ സ്വഭാവം കാണിച്ചിരുന്നു. അതിനാൽ തുടക്കത്തിൽ അല്പം കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്റെ അർത്ഥസെഞ്ച്വറിയിൽ ഞാൻ സന്തോഷവാനല്ല. എന്നിരുന്നാലും റൺസ് കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. നല്ല റൺസ് മോശം റൺസ് അങ്ങനെയൊന്നുമില്ല. റൺസ് കണ്ടെത്തുന്നത് നമുക്ക് ആത്മവിശ്വാസം നൽകും. “- രോഹിത് കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ 39 പന്തുകളിയിൽ 53 റൺസായിരുന്നു രോഹിത് ശർമ നേടിയത്. ഇന്നിങ്സിൽ നാലു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. എന്നിരുന്നാലും അടുത്ത മത്സരത്തിൽ കുറച്ചുകൂടി ശാന്തമായ ഇന്നിങ്സിനാവും രോഹിത് ശ്രമിക്കുന്നത്.