ത്രസിപ്പിക്കുന്ന വിജയവുമായി സിംബാബ്വേ !! പാകിസ്ഥാനെ തോല്പിച്ചത് 1 റണ്ണിന്!!

   

പാക്കിസ്ഥാനെതിരെ സിംബാബ്വേയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ബോൾ വരെ നീണ്ട അത്യന്തം ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനാണ് സിംബാബ്വേ വിജയം കണ്ടത്. സംയമനപൂർവ്വമുള്ള ബോളിംഗ് തന്നെയായിരുന്നു സിംബാബ്വേയ്ക്ക് മത്സരത്തിൽ രക്ഷയായത്. സിംബാബ്വേയുടെ ഈ മിന്നും ജയത്തോടെ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾക്ക് വലിയ രീതിയിൽ മങ്ങലേൽക്കുകയും ചെയ്തിട്ടുണ്ട്.

   

പേർത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ സിംബാബ്വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയായിരുന്നു സിംബാബ്വേയ്ക്ക് മത്സരത്തിൽ ലഭിച്ചത്. എന്നാൽ ഇന്നിംഗ്സിലൂടനീളം അത് തുടർന്നു പോകാൻ അവർക്ക് സാധിച്ചില്ല. പാക്കിസ്ഥാനായി മുഹമ്മദ് വസീം കൃത്യത കണ്ടെത്തിയപ്പോൾ സിംബാബ്വേയുടെ മധ്യനിര തകർന്നു. സിംബാബയുടെ ഇന്നിംഗ്സിൽ 28 പന്തുകളിൽ 31 റൺസ് എടുത്ത സീൻ വില്യംസ് മാത്രമാണ് അല്പം പിടിച്ചുനിന്നത്. നിശ്ചിത 20 ഓവറുകളിൽ 130 റൺസ് നേടാനെ സിംബാബ്വേയ്ക്ക് സാധിച്ചുള്ളൂ.

   

മറുപടി ബാറ്റിംഗിൽ സിംബാബ്വേ ബോളർമാരുടെ ഒരു വമ്പൻ തിരിച്ചുവരമായിരുന്നു കണ്ടത്. അപകടകാരിയായ മുഹമ്മദ് റിസ്വാനെയും ബാബർ ആസാമിനെയും സിംബാബ്വേയുടെ ബോളർമാർ ആദ്യമേ കൂടാരം കയറ്റി. മൂന്നാമനായിറങ്ങിയ മസൂദ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടു കൊണ്ടിരുന്നു. പാകിസ്ഥാനായി മുഹമ്മദ് നവാസ് പൊരുതിയെങ്കിലും സിംബാബ്വേയുടെ കൃത്യതയോടെയുള്ള ബോളിങ്ങിന് മുമ്പിൽ വിറച്ചു വീണു. സിംബാബ്വേ നിരയിൽ മൂന്നു വിക്കറ്റെടുത്ത റാസയും രണ്ടു വിക്കറ്റ് എടുത്ത ബ്രാഡ്‌ ഇവൻസും മികച്ചു നിന്നു.

   

ഈ ഞെട്ടിപ്പിക്കുന്ന പരാജയത്തോടെ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിട്ടുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ ഭാഗ്യത്തിന്റെ തുണ പാക്കിസ്ഥാന് ആവശ്യമായി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *