ഇന്ത്യൻ മുൻനിരയുടെ ആറാട്ടിൽ അടിതെറ്റി വീണ് നെതർലാൻഡ് ടീം. സൂപ്പർ 12ലെ നെതെർലാൻസിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. ഇന്ത്യൻ മുൻനിര ബാറ്റർമാരുടെ വെടിക്കെട്ടായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. രോഹിത് ശർമയും സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും അടിച്ചുതകർത്ത മത്സരത്തിൽ ഇന്ത്യയുടെ പൂർണമായ ആധിപത്യം തന്നെയായിരുന്നു കാണാനായത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പിച്ചന്റെ സ്ലോനസ് ഇന്ത്യൻ ഓപ്പണർമാരെ ബാധിച്ചിരുന്നു. ക്യാപ്റ്റൻ രോഹിതും രാഹുലും തുടക്കത്തിൽ സ്കോറിങ് ഉയർത്താൻ വളരെയധികം കഷ്ടപ്പെടുന്നതാണ് കണ്ടത്. ഇതിനിടെ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. എന്നാൽ ക്രീസിലുറച്ച രോഹിത്തും കോഹ്ലിയും പതിയെ കളി ഇന്ത്യയുടെ കൈപ്പിടിയിലാക്കി. 39 പന്തുകളിൽ 53 റൺസായിരുന്നു രോഹിത് ഇന്നിങ്സിൽ നേടിയത്. രോഹിത്തിന് ശേഷം ക്രേസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ അടിച്ചുതുടങ്ങി. അവസാന ഓവറുകളിൽ കോഹ്ലിയെ കൂട്ടുപിടിച്ച് സൂര്യകുമാർ അടിച്ചു തൂക്കിയതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. മത്സരത്തിൽ 44 പന്തുകളിൽ 62 റൺസാണ് വിരാട് കോഹ്ലി നേടിയത്. സൂര്യകുമാർ 25 പന്തുകളിൽ 51 റൺസ് നേടി. അങ്ങനെ ഇന്ത്യയെ നിശ്ചിത 20 ഓവറുകളിൽ 179 റൺസ് കുറിച്ചു.
മറുപടി ബാറ്റിംഗിൽ ഒരു സമയത്ത് പോലും ആധിപത്യം നേടിയെടുക്കാൻ നെതർലാൻഡ്സ് ബാറ്റർമാർക്ക് സാധിച്ചിരുന്നില്ല. തന്റെ ആദ്യ രണ്ട് ഓവറുകൾ മെയ്ഡനാക്കി ഭുവനേശ്വർ കുമാർ ആരംഭിച്ചു. പിന്നീടെത്തിയ അക്ഷർ പട്ടേലും അശ്വിനും കൃത്യമായി വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. നെതർലാൻഡ് ബാറ്റിംഗ് നിരയിൽ ഒരാളും പൊരുതാൻ പോലും തയ്യാറായില്ല എന്നതാണ് വസ്തുത. മത്സരത്തിൽ റൺസിനാണ് ഇന്ത്യ വിജയം കണ്ടത്
സൂപ്പർ 12ലെ ഇന്ത്യയുടെ രണ്ടാം വിജയമാണ് നെതർലൻസിനെതിരെ ഉണ്ടായത്. ഇതോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതായിട്ടുണ്ട്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ സെമിസാധ്യതകൾക്ക് മുമ്പിലേക്ക് എത്തിയിരുന്നു. ഞായറാഴ്ച ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. ആ മത്സരത്തിൽ കൂടെ വിജയം കണ്ടാൽ ഇന്ത്യ സെമിഫൈനലിലെത്തും എന്ന് ഉറപ്പാണ്. എന്തായാലും അടുത്ത മത്സരത്തിലും ഇന്ത്യൻ ടീമിൽ നിന്ന് ഇത്തരം കിടിലൻ പ്രകടനങ്ങൾ പ്രതീക്ഷിക്കാം.