ഇന്ത്യയുടെ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഹർദിക് പാണ്ഡ്യയ്ക്ക് ഏറ്റ ചെറിയ പരിക്ക് ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. മത്സരത്തിൽ ഒരു പ്രധാന റോൾ കളിച്ച പാണ്ട്യയുടെ പരിക്ക് ഇന്ത്യക്ക് വരും മത്സരങ്ങളിൽ തലവേദന ഉണ്ടാകുമോ എന്നതും ആശങ്കയായിരുന്നു. അതിനാൽതന്നെ നെതർലാൻസിനെതിരായ രണ്ടാം മത്സരത്തിൽ പാണ്ട്യ കളിക്കുമോ എന്ന ചോദ്യം ഉയരുകയും ചെയ്തു. ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ബോളിംഗ് കോച്ച് പരസ് മാമ്പ്രെ. നെതർലെൻഡ്‌സിതിരായ മത്സരത്തിൽ പാണ്ട്യ കളിക്കും എന്നാണ് മാമ്പ്രെ പറയുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഹർദിക് പാണ്ഡ്യ വളരെ പ്രാധാന്യമുള്ള കളിക്കാരനാണെന്നും അയാൾ എല്ലാ മത്സരങ്ങളിലും കളിക്കാൻ തയ്യാറാണെന്നും മാമ്പ്ര പറയുന്നു. “. ഹാർദിക്കിന് പ്രശ്നങ്ങളൊന്നുമില്ല അയാൾ കളിക്കാൻ പൂർണ്ണമായും ഫിറ്റാണ്. ഞങ്ങൾ എന്തായാലും ആർക്കും വിശ്രമം അനുവദിക്കുന്നില്ല. എനിക്ക് തോന്നുന്നു നമുക്ക് ഇപ്പോൾ ഒരു മൊമെന്റം ലഭിച്ചിട്ടുണ്ടെന്ന്. അത് തുടരുക തന്നെ വേണം.”- മാമ്പ്രെ പറയുന്നു.
“എല്ലാ മത്സരങ്ങളിലും കളിക്കാൻ ഹർദിക് പാണ്ഡ്യ തയ്യാറാണ്. ഞങ്ങൾ അയാൾക്ക് വിശ്രമം നൽകാൻ ശ്രമിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് അയാൾ ഒരു പ്രാധാന്യമുള്ള ക്രിക്കറ്റർ തന്നെയാണ്. അയാൾ ബോളിംഗും ബാറ്റിംഗും ചെയ്യും. മാത്രമല്ല കഴിഞ്ഞ മത്സരത്തിലേതുപോലെ മൈതാനത്ത് മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും ഹർദ്ദിക്കിന് സാധിക്കും.”- മാമ്പ്ര പറയുന്നു.
നെതർലൻസിനെതിരായ മത്സരശേഷം ഇന്ത്യ നേരിടേണ്ടത് ദക്ഷിണാഫ്രിക്കയെയാണ്. ഗ്രൂപ്പിലെ ശക്തരായ ടീമുകളിൽ ഒന്നുതന്നെയാണ് ദക്ഷിണാഫ്രിക്ക. അതിനാൽ നെതർലൻസിനെതിരെ ഒരു വലിയ വിജയം നേടി ആത്മവിശ്വാസം വർധിപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക.