ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി ഇന്ത്യയെ അവിശ്വസനീയമായ രീതിയിലാണ് വിജയത്തിലെത്തിച്ചത്. എന്നാൽ ഇന്ത്യയുടെ മറ്റു ബാറ്റർമാർ മോശം പ്രകടനം കാഴ്ചവച്ചിരുന്നു. പ്രത്യേകിച്ച് ഓപ്പണർമാരായ രോഹിത് ശർമയും കെഎൽ രാഹുലും. ഇരുവരുടെയും വിക്കറ്റുകൾ ഇന്ത്യയെ വളരെയധികം സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തു. വിരാട് കോഹ്ലി മികച്ച രീതിയിൽ കളിക്കുമ്പോഴും മറ്റ് ഇന്ത്യൻ ബാറ്റർമാർ തങ്ങളുടെ ഫോമിൽ തുടരേണ്ടത് അത്യാവശ്യമാണ് എന്നാണ് ഇന്ത്യൻ ക്രിക്കറ്റർ മദൻലാൽ പറയുന്നത്.
“മത്സരത്തിലെ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് അവിസ്മരണീയം തന്നെയായിരുന്നു. അതുപോലെ ഒരു ഇന്നിങ്സ് ഞാൻ കണ്ടിട്ടില്ല. പക്ഷേ വിരാട്ടിന് എല്ലാ മത്സരവും ഇന്ത്യക്കായി ജയിക്കാനാവില്ല. ഇതൊരു വലിയ ടൂർണമെന്റാണ്. ഒരാൾക്ക് മാത്രമായി അത് ജയിക്കാൻ കഴിയില്ല. രോഹിത് ശർമയും കെഎൽ രാഹുലും നന്നായി കളിക്കുക തന്നെ വേണം. ടീമിലെ മുഴുവൻ കളിക്കാരും തങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തണം. അതുപോലെ എല്ലാ മത്സരത്തിലും നമുക്ക് വ്യത്യസ്തരായ ഹീറോകളെയാണ് ആവശ്യം.”- മദൻലാൽ പറയുന്നു.
ഇതോടൊപ്പം ഇന്ത്യ പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും മദൻലാൽ സംസാരിക്കുകയുണ്ടായി. “ഇന്ത്യ തങ്ങളുടെ എതിരാളികളെ കണക്കിലെടുത്തായിരിക്കണം പ്ലെയിങ് ഇലവൻ രൂപീകരിക്കേണ്ടത്. കളിപ്പിക്കുമ്പോൾ എതിരാളികൾ എന്നത് കൃത്യമായ മാനദണ്ഡമാവണം. അല്ലാത്തപക്ഷം ഒരു പ്ലേയിംഗ് ഇലവനെ പരീക്ഷിച്ചാൽ വിജയകരമാവും എന്ന് തോന്നുന്നില്ല.”- മദൻലാൽ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഇതൊരു തുടക്കം മാത്രമാണെന്നും മദൻലാൽ പറയുകയുണ്ടായി. നെതർലാൻഡ് പോലെയുള്ള രാജ്യങ്ങളും ട്വന്റി20യിൽ ദുർബലരല്ല എന്നാണ് മദൻലാൽ പറയുന്നത്. അതിനാൽ തുടർന്നും ഇന്ത്യ മികച്ച പ്രകടനങ്ങൾ ആവർത്തിക്കണമെന്നാണ് മദൻ ലാലിന്റെ പക്ഷം.