ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഏറ്റവും നിർണായകമായത് വിരാട് കോഹ്ലിയുടെ അത്ഭുതപ്പെടുത്തുന്ന ഷോട്ടുകളായിരുന്നു. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഒരു ദാക്ഷണ്യവും കൂടാതെ വിരാട് തകർപ്പൻ ഷോട്ടുകൾ തൂക്കി. സംയമനപൂർവ്വം തുടങ്ങി അനായാസം ബൗണ്ടറികൾ കണ്ടെത്തുന്ന നിലയിലേക്ക് വിരാട് കോഹ്ലി എത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ബാറ്റർമാർ പലകാര്യത്തിലും കോഹ്ലിയുടെ ഇന്നിങ്സ് കണ്ടുപഠിക്കണം എന്നാണ് മുൻ പാക് ക്രിക്കറ്റർ ശുഐബ് മാലിക് പറയുന്നത്.
കോഹ്ലി നടത്തിയത് വളരെ തന്ത്രപരമായി ചെയ്സാണെന്നും പാകിസ്ഥാൻ ഇന്നിങ്സിൽ കാണാതെ പോയത് ഈ തന്ത്രമാണെന്നും മാലിക്ക് പറയുകയുണ്ടായി. മത്സരത്തിന്റെ ഒരു സമയത്ത് 13 ഓവറുകളിൽ 91 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. ശേഷം മോശം ഷോട്ട് സെലക്ഷനിലൂടെ പാക്കിസ്ഥാൻ മധ്യനിര തകരുകയും സ്കോർ 120ന് 7 എന്ന നിലയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നിങ്സിൽ കൃത്യമായി പേസ് കണ്ടെത്തുന്നതിൽ പാകിസ്താന്റെ മധ്യനിര പരാജയപ്പെട്ടു എന്നാണ് മാലിക്കിന്റെ പക്ഷം.
“വിരാടിന്റെ സിക്സറുകൾ ഒന്ന് ശ്രദ്ധിക്കൂ. അയാൾ ഇന്നിംഗ്സിന്റെ അവസാനമാണ് വമ്പനടികൾക്ക് മുതിർന്നത്. ഒരു പവർ ഹീറ്റർ അല്ലായിരുന്നിട്ട് പോലും അയാൾക്ക് അതിനു സാധിച്ചു. തുടക്കത്തിൽ അയാൾ കുറച്ചധികം ബോളുകൾ നേരിട്ടിരുന്നു. ഇതിലൂടെ എന്താണ് ബോളർമാർ ചെയ്യാൻ ശ്രമിക്കുന്നതെന്നും, എങ്ങനെയാണ് പെരുമാറുന്നതെന്നും അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചു.”- ഷുഹൈബ് മാലിക്ക് പറയുന്നു.
പാക്കിസ്ഥാൻ മധ്യനിരയിൽ ഹൈദർ അലിയും ആസിഫ് അലിയുമൊക്കെ കൃത്യമായി ഇന്ത്യയുടെ തന്ത്രത്തിൽ പെടുകയായിരുന്നു. സ്ട്രൈക്ക് മാറുന്നതിന് പകരം ഇവർ വമ്പനടികൾക്ക് ശ്രമിക്കുകയും പുറത്താക്കുകയുമാണ് ചെയ്തത്. മത്സരത്തിൽ വിരാട് കോഹ്ലിയെ പോലെ ചിന്തിച്ചു കളിച്ചിരുന്നെങ്കിൽ പാക്കിസ്ഥാന് ജയിക്കാനാവുമായിരുന്നു എന്നാണ് മാലിക്കിന്റെ പക്ഷം.