ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ അവസാന ഓവർ ഒരുപാട് നാടകീയ സംഭവങ്ങൾ അടങ്ങിയതായിരുന്നു. ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് അവസാന ഓവറിൽ നവാസ് എറിഞ്ഞ ഒരു നോബോൾ ആയിരുന്നു. കോഹ്ലിയുടെ അരക്കെട്ടിനു മുകളിൽ വന്ന ബോൾ വിരാട് സിക്സറിന് തൂക്കുകയാണുണ്ടായത്. ശേഷം വിരാട് അമ്പയറിനോട് നോബൊളീനായി അപ്പീൽ ചെയ്തു. അമ്പയർമാർ അത് നോബോൾ നൽകുകയും ചെയ്തു. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പാക്കിസ്ഥാൻ ആരാധകർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അത് നോബോളായിരുന്നില്ല എന്നും തീരുമാനം തേർഡ് അമ്പയറിന് വിടേണ്ടിയിരുന്നുവെന്നും ഒക്കെ അഭിപ്രായങ്ങൾ എത്തി. എന്നാൽ ഇതൊക്കെയും ബാലിശമാണ് എന്നാണ് മുൻ പാക് ക്രിക്കറ്റർ സൽമാൻ ബട്ട് പറഞ്ഞിരിക്കുന്നത്.
ഇത്തരം ആരോപണം ഉന്നയിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ബട്ട് നൽകിയത്. “നിങ്ങളൊക്കെ മണ്ടന്മാരാണോ, അതോ അങ്ങനെ അഭിനയിക്കുന്നതാണോ. നോബോളിന്റെ കാര്യത്തിൽ അതൊരു ചെറിയ വ്യത്യാസത്തിൽ ഉണ്ടാകുന്ന തീരുമാനമാണ്. ആ ബോൾ കോഹ്ലിയുടെ അരക്കെട്ടിനു മുകളിലാണ് വന്നതെന്ന് നമുക്ക് റിപ്ലയിൽ നിന്നു തന്നെ കാണാൻ സാധിക്കും.
അങ്ങനെ അരക്കെട്ടിനു മുകളിൽ വരുന്ന ബോളുകൾ നോബോളാണെന്ന് നീസംശയം പറയാനാവും.”- ബട്ട് പറയുന്നു. പാക്കിസ്ഥാൻ ആരാധകരും ചില മുൻ ക്രിക്കറ്റർമാരുമായിരുന്നു ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. തീരുമാനം തേർഡ് അമ്പയറിനു കൊടുക്കേണ്ടിയിരുന്നു എന്ന അവരുടെ അഭിപ്രായത്തിനും ബട്ട് മറുപടി നൽകുന്നുണ്ട് ” ആ ബോൾ സിക്സർ ലൈൻ കടക്കുകയാണ് ചെയ്തത്. ആ ബോളിൽ ഒരു വിക്കറ്റ് നഷ്ടമായാൽ മാത്രമേ അമ്പയർമാർക്ക് തീരുമാനം തേർഡ് അമ്പയറിനു വിടാൻ സാധിക്കൂ. “- ബട്ട് കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ഗതിയെ പൂർണ്ണമായും മാറ്റിമറിച്ചത് നവാസിന്റെ ആ നോബോളായിരുന്നു. നോബോളിലും ഫ്രീഹിറ്റിലുമായി 10 റൺസ് നേടാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മത്സരത്തിൽ ഇന്ത്യ വിജയിക്കാൻ പ്രധാന കാരണവും ഇതുതന്നെയായിരുന്നു.